ബജറ്റ് 2016: ആഡംബര കാറുകള്‍, സിഗരറ്റ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വിലകൂടും

തിങ്കള്‍, 29 ഫെബ്രുവരി 2016 (12:35 IST)
കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണത്തില്‍ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് മുന്‍‌തൂക്കം. 10 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തും. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്സൈസ് നികുതി കൂട്ടി. ആഭരണങ്ങള്‍ക്കും സിഗരറ്റിനും വില കൂടും. ചെറുകിട വീടുകളുടെ നിര്‍മ്മാണത്തിന് നികുതിയിളവ് നല്‍കും. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് വിലകൂടും. 
 
ഒമ്പത് മേഖലകളില്‍ നികുതി പരിഷ്കാരം കൊണ്ടുവരും. വീട്ടുവാടകയുടെ നികുതിയിളവ് 60000 രൂപയാക്കി. 5 കോടിയില്‍ താഴെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയിളവ്. ആദായനികുതിയ പരിധിയില്‍ മാറ്റമില്ല. 
 
എ ടി എം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ പദ്ധതി കൊണ്ടുവരും. ബാങ്കുകള്‍ പൊളിഞ്ഞാല്‍ നേരിടാന്‍ പദ്ധതി. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ പദ്ധതി. പൊതുമേഖലാ ബാങ്കുകള്‍ക്ക് 25000 കോടി. 
 
50000 കിമീ സംസ്ഥാനപാത ദേശീയപാതയായി ഉയര്‍ത്തും. ആണവ വൈദ്യുത ഉത്പാദനത്തിന് 3000 കോടി. ചില ഡയാലിസിസ് ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ഒഴിവാക്കി. ഗ്രാമീണ മേഖലയില്‍ 2018 മേയ് ഒന്നിന് സമ്പൂര്‍ണ വൈദ്യുതീകരണം. മോട്ടോര്‍ വെഹിക്കിള്‍ ആക്‍ടില്‍ ഭേദഗതി.
 
10000 കിമീ കൂടി ദേശീയപാത വികസിപ്പിക്കും. ചെറുകിട കച്ചവടക്കാര്‍ക്ക് പ്രത്യേക നിയമം. തൊഴിലുറപ്പ് പദ്ധതിക്കായി 38500 കോടി. ഗ്രാമീണ സ്ത്രീകള്‍ക്ക് എല്‍ പി ജി എത്തിക്കാന്‍ 2000 കോടി രൂപ. 160 വിമാനത്താവളങ്ങള്‍ നവീകരിക്കും. പ്രധാനമന്ത്രി കൌശല്‍ വികാസ് യോജന മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കും.
 
റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ദേശീയപാത വികസനത്തിന് 55000 കോടി രൂപ. ഒന്നരക്കോടി കുടുംബങ്ങള്‍ക്ക് പാചകവാതകം നല്‍കാന്‍ പ്രത്യേക പദ്ധതി.
 
ലോകനിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ലക്‍ഷ്യം. വളം സബ്സിഡി ആധാര്‍ വഴിയാക്കും. ഗ്രാമപഞ്ചായത്തുകള്‍ക്ക് 2.8 ലക്ഷം കോടി രൂപ. എസ് സി, എസ് റ്റി ഹബ്ബ് സ്ഥാപിക്കും.
 
ഒരുകോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിന് പ്രത്യേക പദ്ധതി. റോഡ് - ഹൈവേ വികസനത്തിന് 97000 കോടി രൂപ അനുവദിച്ചു. ഗ്രാമീണ മേഖലയില്‍ റോഡ് വികസനത്തിനായി 9000 കോടി രൂപ.
 
എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍. ഉന്നത വിദ്യാഭ്യാസത്തിന് 1000 കോടി. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതി.
 
60 വയസ് കഴിഞ്ഞ പൌരന്‍‌മാര്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതി. ഗ്രാമവികസനത്തിന് ഓരോ പഞ്ചായത്തിനും 80 ലക്ഷം രൂപ വീതം. കര്‍ഷകര്‍ക്ക് കടാശ്വാസമായി 15000 കോടി. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. 
 
ബി പി എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിക്ക് പ്രത്യേക പദ്ധതി. ഡിജിറ്റല്‍ ഇന്ത്യയില്‍ ആറുകോടി പേരെ കൂടി ഉള്‍പ്പെടുത്തും. സ്വച്ഛ് ഭാരതിന് 9000 കോടി.
 
എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍‌ഷുറന്‍സ് പരിരക്ഷ. 3000 ജനറിക് മരുന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. 2018ഓടെ എല്ലാ ഗ്രാമീണ വീടുകളിലും വൈദ്യുതി. 62 പുതിയ നവോദയ വിദ്യാലയങ്ങള്‍.
 
പട്ടികജാതി - പട്ടികവര്‍ഗ സ്ത്രീകള്‍ക്കായി സ്റ്റാന്‍ഡപ് ഇന്ത്യാ പദ്ധതി. വൈദ്യുതീകരണത്തിന് 2500 കോടി രൂപ അനുവദിച്ചു. 
 
ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ആധാറിന് നിയമപരിരക്ഷ ഉറപ്പുവരുത്തും. ഇ പി എഫ് പദ്ധതിക്കായി ആയിരം കോടി രൂപ നീക്കിവയ്ക്കും. നൈപുണ്യ വികസനത്തിന് 1700 കോടി രൂപ.
 
കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപ വായ്പ നല്‍കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇ - പ്ലാറ്റ്ഫോം. ഇതിനായി 20000 കോടി രൂപ അനുവദിച്ചു. 
 
കാര്‍ഷിക മേഖലയുടെ വികസനത്തിനായി 35984 കോടി രൂപ. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി. കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ്. നബാര്‍ഡിന് 20000 കോടി രൂപ.
 
ഗ്രാമീണമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തും. കാര്‍ഷിക ക്ഷേമമാണ് ലക്‍ഷ്യം. കൃഷിയിലും കൂടുതല്‍ നിക്ഷേപം ഉണ്ടാകും. അംബേദ്കര്‍ ജയന്തിക്ക് പദ്ധതികള്‍ നിലവില്‍ വരും.
 
രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
രാജ്യത്തിന് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ മൂലം സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല.
 
വളര്‍ച്ചാ നിരക്ക് 6.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമാക്കി മാറ്റാന്‍ കഴിഞ്ഞു. ലോക സംബദ് വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് ഇത് മികച്ച നേട്ടമായി. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നാണയപ്പെരുപ്പം കുറഞ്ഞു. മൊത്തം ആഭ്യന്തര ഉദ്പാദനം 7.6 ശതമാനം.

വെബ്ദുനിയ വായിക്കുക