പ്രഖ്യാപനം നടത്തി കബളിപ്പിക്കരുത്: വിജയകുമാര്‍

ബുധന്‍, 24 ഫെബ്രുവരി 2010 (16:44 IST)
PRO
പ്രഖ്യാപനം മാത്രം നടത്തി ഇത്തവണയും കേരളത്തെ കബളിപ്പിക്കരുതെന്ന് കേരളത്തില്‍ റയില്‍വേയുടെ ചമതലയുള്ള മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രി മമത ബാനര്‍ജി ഇന്ന് അവതരിപ്പിച്ച റയില്‍വെ ബജറ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ ബജറ്റില്‍ കേരളത്തിനനുകൂലമായ ചില പ്രഖ്യാപനങ്ങള്‍ ഉണ്‌ടായെങ്കിലും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. കഴിഞ്ഞ കാലത്തെപ്പോലെ പ്രഖ്യാപനം മാത്രം നടത്തി ഇത്തവണയും കേരളത്തെ കബളിപ്പിയ്ക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളം ആവശ്യപ്പെട്ട പല ട്രെയിനുകളും അനുവദിക്കപ്പെട്ടില്ല. തലശ്ശേരി - മൈസൂര്‍ പാത നിര്‍മ്മാണം തുടങ്ങാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും വിജയകുമാര്‍ പറഞ്ഞു.

പാലക്കാട്‌ കോച്ച്‌ ഫാക്ടറിയ്ക്ക്‌ അനുമതി നല്‍കിയത്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ ചേര്‍ത്തലയില്‍ സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ച വാഗണ്‍ ഫാക്ടറിയുടെ സ്ഥിതി കോച്ച്‌ ഫാക്ടറിയ്ക്കുണ്‌ടാവരുത്‌. വാഗണ്‍ ഫാക്ടറിയ്ക്കായി 80 കോടി രൂപ 2007 -08 ബജറ്റില്‍ വകയിരിത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പദ്ധതി ഉപേക്ഷിച്ചു. ഇത്തരത്തില്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയ ഒരുപാട്‌ പദ്ധതികള്‍ കേരളത്തിന്‌ ലഭിച്ചിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

പുതിയ റയില്‍വേ പാതകള്‍ക്ക് സാധ്യതാ പഠനം നടത്തിയതുകൊണ്‌ട്‌ കാര്യമൊന്നുമില്ല. ഇത്തരത്തില്‍ സര്‍വ്വേ കഴിഞ്ഞ ഭൂരിഭാഗം പാതകളും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. നിലമ്പൂര്‍- നഞ്ചങ്കോട്‌ പാതയ്ക്കുള്ള സര്‍വെ എത്രയോ കാലം മുമ്പേ കഴിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു‌.

വെബ്ദുനിയ വായിക്കുക