‘കഥകള്‍ക്കിടയില്‍' ഒരു ജീവിതം

വ്യാഴം, 17 ഫെബ്രുവരി 2011 (14:43 IST)
PRO
PRO
ടി പത്മനാഭന്റെ ഓരോ കഥയും ഒരോ ശില്‍പ്പമാണ്. ജീവിതാനുഭവങ്ങളെ ചെത്തിമിനുക്കി ഭാവസാന്ദ്രമായ ശില്‍പ്പം തീര്‍ക്കുകയാണ് പത്മനാഭന്‍ ഓരോ കഥയിലൂടെയും. അവയില്‍ ആത്മകഥാംശങ്ങള്‍ ഏറെയാണ്. ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍ അവിശ്വസനിയമാം വിധം കഥകളില്‍ ഇഴുകിച്ചേര്‍ത്തെങ്കിലും പത്മനാഭന്‍ ഇതുവരെ ഒരു ആത്മകഥ എഴുതിയിട്ടില്ല (‘പള്ളിക്കുന്ന്‘ എന്ന ലേഖന സമാഹാരത്തില്‍ ചില ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്).

ആരാധകര്‍ നിരാശപ്പെടേണ്ടതില്ല; പത്മനാഭന്‍ വിട്ട ഭാഗം പൂരിപ്പിക്കാന്‍, പത്രപ്രവര്‍ത്തകനായ ടി അജീഷ് ഒരു ശ്രമം നടത്തിയിട്ടുണ്ട്. ‘കഥകള്‍ക്കിടയില്‍’ എന്ന പുസ്തകത്തിലാണ് ചെറുകഥകളുടെ തമ്പുരാന്റെ ആത്മകഥാംശങ്ങള്‍ കണ്ടെത്താന്‍ അജീഷ് ശ്രമിച്ചിട്ടുള്ളത്.

അനുഭവങ്ങള്‍ കഥകളില്‍ ഇണക്കിച്ചേര്‍ക്കുന്ന മാസ്മരികത വിദ്യയാണ് ഈ പുസ്ത്കത്തില്‍ കഥാകൃത്ത് വെളിപ്പെടുത്തുന്നത്. ഭാവസാന്ദ്രമായ ‘ഗൌരി‘, ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്‘ കഥാകൃത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ‘കടയനെല്ലൂരിലെ ഒരു സ്ത്രീ‘ തുടങ്ങിയ കഥകള്‍ എങ്ങനെയാണ് തന്റെ ജീവിതവുമായി ചേര്‍ന്നിരിക്കുന്നത് എന്നാണ് പത്മനാഭന്‍ ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. കുടുംബം, ജോലി, എഴുത്ത്, പ്രണയം, സുഹൃത്തുക്കള്‍, പൂച്ചയോടും പൂക്കളോടുമുള്ള സ്നേഹം... എന്നിങ്ങനെ തന്റെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ കഥകളുടെ പശ്ചാത്തലത്തില്‍ പത്മനാഭന്‍ വിവരിക്കുന്നു.

പത്മനാഭന്‍ കഥകളിലെപ്പോലെ ഭാവസാന്ദ്രവും കാച്ചിക്കുറിക്കിയവയുമാണ് ഈ കുറിപ്പുകള്‍. ഓരോ കഥയിലെയും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരണിയായി നല്‍കി അതിലെ ആത്മകഥാംശം വിശദീകരിക്കുന്ന രീതിയിലാണ് കുറിപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. അജീഷിന്റെ പത്രപ്രവര്‍ത്തക ശൈലിയും ഇതിലെ കുറിപ്പുകള്‍ക്ക് മിഴിവേകുന്നു. പത്മനാഭന്‍ കഥകളുടെ വായനക്കാരന്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കാന്‍ അജീഷ് കാണിച്ച ശ്രദ്ധ അഭിനന്ദനീയം തന്നെ.

‘കഥകള്‍ക്കിടയില്‍‘
ടി പത്മനാഭന്‍
തയ്യാറാക്കിയത്: ടി അജീഷ്
ഡിസി ബുക്സ്
വില: 50 രൂപ

വെബ്ദുനിയ വായിക്കുക