പ്രണയത്തിന്റെ വയല്‍വരമ്പ് കടക്കാത്തവര്‍

വ്യാഴം, 10 ഫെബ്രുവരി 2011 (16:36 IST)
PRO
PRO
പ്രണയത്തിന്റെ ഉത്കണ്ഠ കിടക്കയില്‍ അവസാനിക്കുന്നുവെന്ന് പറഞ്ഞത് ഗബ്രിയേല്‍ മാര്‍ക്വേസാണ്. പ്രണയത്തിന്റെ സുഖം എപ്പോഴും അര്‍ദ്ധവിരാമത്തില്‍ ആണെന്ന് പ്രണയിച്ചവരും അല്ലാത്തവരും ഒരേസ്വരത്തില്‍ പറയും. നഷ്ടപ്രണയത്തിന്റെ ഗൃഹാതുരതയില്‍ കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെ‌പേരും. എസ് കലേഷ് എന്ന യുവ കവി ഇത് പറയുമ്പോള്‍, അല്ല മൂളുമ്പോള്‍ ജീവിതത്തില്‍ പ്രണയം നിറയുന്നു. ഹെയര്‍പിന്‍ ബെന്‍ഡ് എന്ന തന്റെ ആദ്യ കവിതാസമാഹരത്തിലൂടെ ‘പ്രണയത്തിന്റെ അര്‍ദ്ധവിരാമ‘ത്തില്‍ ജീവിതം തേടുകയാണ് കലേഷ്.

അതുകൊണ്ടാണല്ലോ കരച്ചലിന്റെ ഏറ്റക്കുറച്ചലുകളില്‍ കലേഷ് പ്രണയത്തിന്റെ തീവ്രത കണ്ടെത്തുന്നത്. ‘’നിന്നെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞ രാത്രികളായിരുന്നു പെണ്ണേ നീ എന്റേതായിരുന്നു എന്നതിന്റെ തെളിവ്‘’ എന്ന് കലേഷ് മൂളുന്നതും ഇതുകൊണ്ടാണ്. പ്രണയിനിയുടെ ഹെയര്‍ പിന്‍ കളഞ്ഞുകിട്ടിയാലോ എന്ന് പ്രതീക്ഷിച്ച് വഴിയില്‍ കാത്തുനില്‍ക്കുന്ന കാമുകനാണ് കലേഷിലെ കവി.

അയല്‍പക്കക്കാരായ പ്‌ളസ് ടു കുട്ടികള്‍ കളിപറഞ്ഞ് രസിച്ച് പ്രണയത്തിന്റെ വയല്‍വരമ്പ് കടക്കുന്നതേയുളളൂ' എന്നാണ് ‘ചന്ദ്രനുദിക്കുമ്പോള്‍‘ എന്ന കവിതയില്‍ പറയുന്നത്. ‘ചായക്കടക്കാരന്റെ മകള്‍‘ എന്ന കവിതയില്‍ പൂക്കളുടെ മുഖമുളള ഗ്‌ളാസാണ് പ്രണയത്തെ അവതരിപ്പിക്കുന്നത്.

‘പണ്ടൊരു പെണ്ണുകുട്ടി‘ എന്ന കവിതയില്‍, സ്കൂള്‍ നാടകത്തില്‍ കെട്ടിയ നാടോടി നര്‍ത്തകിയുടെ വേഷം അഴിച്ചുവയ്ക്കാതെ വീട്ടിലേക്കോടിയ കുട്ടിയുടെ സ്വപ്നങ്ങളില്‍ കലേഷ് ദൃശ്യഭാഷയുടെ സാധ്യതകളാണ് തേടുന്നത്.

‘നമ്മുടെ ജീവിതത്തില്‍‘ എന്ന കവിതയില്‍ നടക്കാതെ പോയ ഒരു സംഭവത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നു കവി.സിനിമാക്കഥകളിലെപ്പോലെ വലിയൊരാളായി പൊടുന്നനെ കാമുകിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാനാണ് കവി സ്വപ്നം കാണുന്നത്. എന്നെ കളഞ്ഞുപോയ ‘നിനക്കൊരു‘ വമ്പന്‍നഷ്‌ടം തോന്നിപ്പിക്കണം എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ‘നഷ്‌ടങ്ങളുടെ ദിവ്യമായ തൊപ്പിമാത്രമാണ്‌ നേടിയത്‌‘ എന്ന് ആ‍ശ്വക്കാനേ കഴിയുന്നുള്ളൂ.. പക്ഷേ അവളെ ഓര്‍ക്കാതിരിക്കുന്ന ദിവസത്തില്‍ വായിക്കാന്‍വേണ്ടിയാണ്‌ ഈ കവിത എഴുതിവയ്‌ക്കുന്നതെന്ന് കവി ചങ്കൂ‍റ്റം കൊള്ളുന്നുമുണ്ട്- ഒരിക്കലും നടക്കില്ലെന്ന് അറിയാമെങ്കിലും‌. നഷ്ടപ്രണയത്തിന്റെ ‘കാതല്‍’ തേടുകയാണ് കലേഷ് ഈ സമാഹാരത്തില്‍.

ഗോത്രശില്‍പ്പം, സൈറണ്‍, ആദ്യപാഠം, തെളിവ്, ആഗസ്റ്റ് 24, 2006 തുടങ്ങിയവയും ഹെയര്‍പിന്‍ ബെന്‍ഡ് എന്ന കവിതാസമാഹാരത്തിലെ ശ്രദ്ധേയ കവിതകളാണ്. നഷ്ട പ്രണയത്തിന്റെ പൊതുസ്വഭാവത്തിന് പുറമെ നാട്ടിന്‍‌പുറത്തുകാരന്റെ നന്‍‌മയും ഈ കവിതകളില്‍ ദര്‍ശിക്കാനാകും.

ഹെയര്‍പിന്‍ ബെന്‍ഡ്
എസ് കലേഷ്
ഫേബിയന്‍ ബുക്സ്
വില 55 രൂപ

വെബ്ദുനിയ വായിക്കുക