ഇഷ്ട ഭര്‍തൃസിദ്ധിയ്ക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും തിങ്കളാഴ്ച വ്രതം

തിങ്കള്‍, 14 നവം‌ബര്‍ 2016 (10:06 IST)
സ്ത്രീകൾ മാത്രം അനുഷ്ടിച്ചു വരുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. ഒരു പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവര പ്രാപ്തിക്കായി ആചരിച്ചു വരുന്ന ഈ വ്രതം വൈധവ്യ കാലത്താണ് നിര്‍ത്തുക. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം മൂലം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണെന്നാണ് ഐതിഹ്യം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കുന്നതിനായും എല്ലാ മംഗല്യസ്ത്രീകളും ഈ വ്രതം ആചരിക്കാറുണ്ട്‌.
 
തിങ്കളാഴ്ച അതിരാവിലെ എഴുന്നേറ്റു കുളിക്കുകയും വെളള വസ്ത്രത്തോടുകൂടി രുദ്രാക്ഷവും ഭസ്മവും ധരിച്ചാണ് ശിവക്ഷേത്ര ദർശനം നടത്തേണ്ടത്. നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ചാണ് ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യേണ്ടത്. ആ ദിവസം പകൽ മുഴുവൻ ആഹാരം കഴിക്കാതെ പരമശിവനെ ഭജിക്കണം. കഴിയുമെങ്കില്‍ സന്ധ്യയ്ക്കു വീണ്ടും ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്. തുടര്‍ന്ന് അർഹനെന്നു തോന്നുന്ന ബ്രാഹ്മണനു ദക്ഷിണ നൽകി വ്രതത്തിനൊടുവിൽ കഴിക്കുന്ന തീർഥം കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.
 
അമാവാസിയും തിങ്കളാഴ്ചയും ഒത്തു ചേര്‍ന്നു വരുന്ന ദിവസം ഈ വ്രതം അനുഷ് ഠിച്ചാല്‍ അതിന് വിശേഷ ഫലസിദ്ധിയുണ്ടാകുമെന്നാണ് ജ്യോതിശാസ്ത്ര മതം. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുണ്ടെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച വ്രതം അനുഷ് ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും ചെയ്യണം. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്. 

വെബ്ദുനിയ വായിക്കുക