“ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല” - ചില ചാണക്യ സൂത്രങ്ങള്‍
ബുധന്‍, 21 ഡിസംബര്‍ 2016 (14:30 IST)
പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു കൗടില്യൻ. വിഷ്ണുഗുപ്തൻ, ചാണക്യൻ തുടങ്ങിയ പേരുകളിലും ചരിത്രത്താളുകളിൽ അദ്ദേഹം അറിയപ്പെടുന്നുണ്ട്. രാഷ്ട്രമീമാംസയുടെ ആചാര്യനായാണ് ചാണക്യനെ കണക്കാക്കപ്പെടുന്നത്. മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം.
ചാണക്യന്റെ ജ്ഞാനവും കൂർമ്മബുദ്ധിയുമാണ് മൗര്യസാമ്രാജ്യത്തിന് ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്. ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ചാണക്യന്‍ സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ 'അർത്ഥശാസ്ത്രം' എന്ന ഒറ്റകൃതിതന്നെ ധാരാളമാണ്‍.
ശത്രുക്കളെ ഉന്മൂലനം ചെയ്യുവാൻ ഏതുമാർഗ്ഗവും അവലംബിക്കാം എന്നായിരുന്നു ചാണക്യമതം പറഞ്ഞത്. വളരെ പ്രസിദ്ധിയാര്‍ജിച്ച ഒന്നാണ് ചാണക്യ സൂത്രങ്ങള്‍. എന്താണ് ചാണക്യ സൂത്രമെന്നും എന്തെല്ലാം കാര്യങ്ങളാണ് ചാണക്യ സൂത്രത്തില്‍ പറയുന്നതെന്നും നമുക്ക് നോക്കാം.
ചില ചാണക്യ സൂത്രങ്ങള്‍:
* എല്ലാ സൌഹൃദത്തിനു പിന്നിലും ഒരു ചെറിയ സ്വാര്‍ത്ഥതാല്പര്യമെങ്കിലും ഉണ്ടാകും. സ്വാര്‍ത്ഥതാല്പര്യം ഇല്ലാത്ത സൌഹൃദം ഇല്ല എന്നത് കയ്പ്പുള്ള ഒരു സത്യമാണ്.
* മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്നാണ് പഠിക്കേണ്ടത്. കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ അതെല്ലാം സ്വയം ചെയ്യാന്‍ കഴിയുകയില്ല.
* ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങള്‍ സ്വയം ചോദിക്കണം; ഞാന്‍ എന്തിനു വേണ്ടി ഇത് ചെയ്യുന്നു ?, എന്തായിരിക്കും ഇതിന്റെ ഫലം ?, ഞാന്‍ ഇതില്‍ വിജയിക്കുമോ ? ഈ മൂന്നു ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ.
* നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ തോറ്റുപോകുമെന്ന ഭയമാണ് ആദ്യം ഒഴിവാക്കേണ്ടത്. ആ കാര്യം ഉപേക്ഷിക്കാതിരിക്കുക, ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവര്‍ ശരിക്കും സന്തോഷം അനുഭവിക്കുന്നവരാണ്.
* കാറ്റുള്ള ദിശയില്‍ മാത്രമേ പൂക്കളുടെ സുഗന്ധം ഉണ്ടാവൂ. എന്നാല്‍ ഒരാള്‍ ചെയ്യുന്ന നന്മ എല്ലാ ദിശയിലും വ്യാപരിക്കും.
* അഞ്ചു വയസ്സ് വരെ നിങ്ങളുടെ കുഞ്ഞിനെ പൊന്നോമനയായി വളര്‍ത്തണം. എന്നാല്‍ അടുത്ത അഞ്ചു വര്‍ഷം അവരെ വേണ്ടപോലെ ശകാരിച്ചു വളര്‍ത്തുക. പതിനാറു വയസ്സ് കഴിഞ്ഞാല്‍ അവരെ കൂട്ടുകാരെപ്പോലെയാണ് കണക്കാക്കേണ്ടത്. നിങ്ങളുടെ പ്രായപൂര്‍ത്തിയായ കുട്ടികളാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളെന്ന കാര്യം മറക്കാതിരിക്കുക.
* ദൈവം വിഗ്രഹങ്ങളില്‍ അല്ല കുടികൊള്ളുന്നത്. നിങ്ങളുടെ വികാരങ്ങളാണ് നിങ്ങളുടെ ദൈവം. നിങ്ങളുടെ ആത്മാവാണ് യഥാര്‍ത്ഥ ക്ഷേത്രം.
* ബുദ്ധികെട്ടവന് പുസ്തകം കൊടുക്കുന്നത് അന്ധന് കണ്ണാടി കൊടുക്കുന്ന പോലെ നിഷ്ഫലമാണ്.
* വിദ്യാഭ്യാസമാണ് ഏറ്റവും നല്ല സുഹൃത്ത്. വിദ്യ അഭ്യസിച്ചവനെ എല്ലാവരും ബഹുമാനിക്കും. അത് യുവത്വത്തെയും സൌന്ദര്യത്തെയും പോലും തോല്പിക്കുന്നു.
* യുവത്വവും സ്ത്രീകളുടെ സൗന്ദര്യവുമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍
* ഏറ്റവും കുറഞ്ഞ സമയം മാത്രമേ ജീവിച്ചിരിക്കിലും നന്മ ചെയ്യുക, ആയിരം കൊല്ലം ജീവിച്ചിരിക്കുകയാണെങ്കില്‍ അത്രയും കാലം പാപം ചെയ്ത് ജീവിക്കരുത്.
* മഹാന്‍മാരുടെ നേട്ടങ്ങളില്‍ നോക്കി അസൂയപ്പെടുന്നവന്‍ നികൃഷ്ടനാണ്, മഹാന്‍മാരെ പുച്ഛിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടെ നേട്ടം