യാത്രതിരിക്കാന്‍ ശുഭാശുഭങ്ങള്‍ ശ്രദ്ധിക്കണം

ബുധന്‍, 20 ജനുവരി 2010 (13:30 IST)
PRO
ജന്മ നക്ഷത്രം തുടങ്ങി യാത്രതിരിക്കുന്ന ദിവസത്തെ നക്ഷത്രം വരെ എണ്ണിയാല്‍ 1, 3, 9, 10, 11, 18, 19, 20, 27 എന്നിവയില്‍ ഒന്നുവന്നാല്‍ മരണഭയവും 12, 13, 14, 15, 16, 17 എന്നിവയില്‍ ഒന്നുവന്നാല്‍ ദു:ഖവും മറ്റുള്ള സംഖ്യകള്‍ വന്നാല്‍ ശുഭവും ഫലം.

യാത്ര പുറപ്പെടുന്ന സമയത്തെ ആഴ്ച, നക്ഷത്രം, തിഥി, ലഗ്നം എന്നിവകളുടെ സംഖ്യയെ ഒരുമിച്ചുകൂട്ടി ഒമ്പത്കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം ഒന്ന് വന്നാല്‍ മൃത്യുപഞ്ചകം, 2 വന്നാല്‍ അഗ്നിപഞ്ചകം, 3 വന്നാല്‍ നിഷ്പഞ്ചകം, 4 വന്നാല്‍ രാജപഞ്ചകം, 5 വന്നാല്‍ നിഷ്പഞ്ചകം, 6 വന്നാല്‍ രക്തപഞ്ചകം, 7 വന്നാല്‍ നിഷ്പഞ്ചകം, 8 വന്നാല്‍ രോഗപഞ്ചകം, 9 വന്നാല്‍ നിഷ്പഞ്ചകം എന്നും കണക്കാക്കണം.

ഇവയില്‍ നിഷ്പഞ്ചകം യാത്രയ്ക്കും മറ്റെല്ലാ ശുഭകര്‍മ്മങ്ങള്‍ക്കും ഉത്തമമാണ്. വിവാഹത്തിനു മൃത്യുപഞ്ചകവും ഉപനയനത്തിനു രോഗപഞ്ചകവും ഗൃഹാരംഭത്തിനും ഗൃഹപ്രവേശത്തിനും അഗ്നിപഞ്ചകവും യാത്രയ്ക്ക് രക്തപഞ്ചകവും രാജസേവ മുതലായവയ്ക്ക് രാജപഞ്ചകവും നിഷിദ്ധമാ‍ണ്. മൃത്യുപഞ്ചകം ഒന്നിനും ശുഭമല്ല. പകല്‍ സമയം അഗ്നിപഞ്ചകവും രാജപഞ്ചകവും രാത്രിയില്‍ ചോരപഞ്ചകവും രാജപഞ്ചകവും ശുഭകാര്യങ്ങള്‍ക്ക് ഉത്തമമല്ല.

ജന്മാഷ്ടമ രാശിയില്‍ വിരുന്നുണ്ണുകയും രാജസേവചെയ്യുകയും ദ്രവ്യം ആര്‍ജ്ജിക്കുകയും യുദ്ധം ചെയ്യുകയും ആന, തേര്, കുതിര എന്നിവകളുടെ മേലേറുകയും ആയുധാഭ്യാസം നടത്തുകയും ചെയ്യാം. എന്നാല്‍, മറ്റുള്ള യാതൊരു ശുഭകര്‍മ്മങ്ങള്‍ക്കും ജന്‍‌മാഷ്ടമ രാശി നന്നല്ല.

ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങള്‍ സര്‍വ്വ കര്‍മ്മങ്ങള്‍ക്കും ശുഭത്തേയും അധോമുഖ നക്ഷത്രങ്ങള്‍ വിനാശത്തെയും തിര്യന്മുഖ നക്ഷത്രങ്ങള്‍ ധനനഷ്ടത്തെയും ഉണ്ടാക്കുമെന്നത് മുഹൂര്‍ത്തവിഷയത്തില്‍ പരിഗണിക്കേണ്ടതാണ്. എന്നാല്‍, അധോമുഖ നക്ഷത്രങ്ങള്‍ കിണര്‍,കുളം, കുഴി എന്നിവ നിര്‍മ്മിക്കുന്നതിനും കളികള്‍ക്കും ഗണിതാരംഭത്തിനും നല്ലതാ‍ണ്. തിര്യന്മുഖ നക്ഷത്രങ്ങള്‍ കുതിര, ആന, ഒട്ടകം, പോത്ത്, കഴുത, കാള എന്നിവയെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ജലയന്ത്രം ഉണ്ടാക്കുന്നതിനും കൃഷി ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനും വാതില്‍കാല്‍, തൂണ് മുതലായവ നാട്ടുന്നതിനും ഉത്തമമാണ്.

ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങളില്‍ പ്രാസാദങ്ങള്‍, ധ്വജങ്ങള്‍, മാളികകള്‍, ആനപ്പന്തലുകള്‍, മതില്‍, കോട്ട, ഗൃഹങ്ങള്‍, പന്തലുകള്‍, ആരാമങ്ങള്‍ മുതലായവ ഉണ്ടാക്കുന്നതിനും പട്ടാഭിഷേകത്തിനും ഉത്തമമാണ്.

ധാന്യസംഗ്രഹണത്തിനും എണ്ണതേയ്ക്കുന്നതിനും കൊയ്യുന്നതിനും കച്ചവടത്തിനും നയനോന്മീലനത്തിനും ഭൂ‍ഷണധാരണത്തിനും കടംവീട്ടുന്നതിനും അഗ്ന്യാധാനത്തിനും ഗൃഹപ്രവേശത്തിനും ഗന്ധലേപനത്തിനും ഔഷധസേവയ്ക്കും ആഭിചാരത്തിനും മഹാദാനത്തിനും വേദാരംഭത്തിനും തൂണ്‍ നാട്ടുന്നതിനും കട്ടളവയ്ക്കുന്നതിനും യാഗസ്തംഭം നാട്ടുന്നതിനും രാജ്യപ്രവേശത്തിനും ഗുളികോദയം ശുഭമാവുന്നു.

പൃഷ്ടോദയരാശ്യൂദയ സമയത്ത് ശുഭകര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടുള്ളതല്ല.

(ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്)

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386

വെബ്ദുനിയ വായിക്കുക