ഗ്രഹപ്പിഴ വന്നാല്‍ കൊണ്ടേപോവൂ?

WDWD
ഗ്രഹപ്പിഴക്കാലത്തെക്കുറിച്ച് പലരീതിയിലുള്ള വിശദീകരണങ്ങളുണ്ട്. അവയില്‍ മിക്കതും അബദ്ധ പ്രസ്താവനകളാണെന്ന് ജ്യോതിഷികള്‍ തിരിച്ചറിയുന്നു. ഗ്രഹപ്പിഴ വന്നാല്‍ കൊണ്ടേപോവൂ, എന്നതും അത്തരം പ്രസ്താവനകളിലൊന്നാണ്.

ഒരാളുടെ ജീവിതത്തില്‍ പല തവണ ഗ്രഹപ്പിഴകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഈ കാലത്ത് പേടിച്ച് ഒന്നും ചെയ്യാതിരിക്കുന്നത് വലിയ മൗഢ്യമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കേണ്ടതായിട്ടുണ്ട്.

ഏത് ഗ്രഹത്തിന്‍റെ മാറ്റം കൊണ്ടാണ് ദോഷങ്ങള്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കി ആ ഗ്രഹത്തെ പ്രീതിപ്പെടുത്താനുള്ള പൂജകളും കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും മന്ത്രോച്ചാരണങ്ങളും ആണ് വേണ്ടത്.

ജ്യോതിഷം ഒരു വഴികാട്ടിയാണ്. ശ്രദ്ധിക്കൂ, സൂക്ഷിക്കൂ, അല്ലെങ്കില്‍ ചില ആപത്തുകള്‍ വന്നുപെടും എന്ന് നമുക്ക് മുന്നറിയിപ്പ് നല്‍കുകയാണ് അത് ചെയ്യുന്നത്. അതുകൊണ്ട് ഗ്രഹപ്പിഴ കാലത്ത് മന:പൂര്‍വം ഏടാകൂടങ്ങളില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

അതായത് ആപത്തോ അപകടമോ ഉണ്ടാവുന്ന പ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുക, അപകട സാധ്യതയുള്ള സാഹസിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുക, മറ്റ് വീടുകളിലേക്കോ അപരിചിതമായ സ്ഥലങ്ങളിലേക്കുള്ള യാത്ര, പതിവിലേറെ യാത്ര ചെയ്യുക, തുടങ്ങിയിവ ഒഴിവാക്കേണ്ടതാണ്.

ഇതോടൊപ്പം ദോഷങ്ങള്‍ക്ക് പരിഹാരമായി പൂജയും ഔഷധ സേവയും നടത്തുന്നതും നല്ലതാണ്. തീര്‍ഥാടനം നടത്തുക, രക്ഷാ യന്ത്രങ്ങള്‍ ധരിക്കുക, ഉചിതമായ രത്നങ്ങള്‍ ധരിക്കുക, യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, ഇഷ്ടദേവനെയോ ഇഷ്ട ഗ്രഹത്തെയോ ഭജിക്കുക, പൂജിക്കുക, ഹോമം നടത്തുക, വ്രതങ്ങള്‍ നോല്‍ക്കുക ഇതെല്ലാം ഗ്രഹപ്പിഴ കാലത്ത് ചെയ്യാവുന്ന അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങളാണ്.

വെബ്ദുനിയ വായിക്കുക