പോലീസുകാരുടെ മക്കൾക്ക് ബൈജൂസിന്റെ സൗജന്യസേവനം: അഴിമതിയെന്ന് ഹരീഷ് വാസുദേവൻ

ശനി, 13 ജൂണ്‍ 2020 (19:54 IST)
പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്ക് ബൈജൂസ് ആപ്പ് സൗജന്യ സേവനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വസുദേവൻ. ബൈജൂസ് മാത്രമല്ല പോലീസുകാരുടെ മക്കൾക്കായി സൗജന്യം നൽകാൻ കാശുള്ള മറ്റ് മുതലാളിമാർക്കും താൽപര്യം കാണുമെന്നും അവർക്കൊക്കെ അതിന്റേതായ ലക്ഷ്യങ്ങളും കാണുമെന്നും ഇതാണ് അഴിമതിയെന്നും ഹരീഷ് വാസുദേവൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
 
 കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാരുടെ സേവനത്തിനുള്ള അംഗീകാരമായാണ് ബൈജൂസ് ആപ് പോലീസുകാരുടെ മക്കൾക്ക് സൗജന്യ സേവനം നൽകുന്നത്. പദ്ധതിയുടെ  ഉദ്ഘാടനം തിങ്കളാഴ്ച്ച പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർവഹിക്കും
 
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
പോലീസുകാരുടെ മക്കൾക്കു മാത്രമായി പലതും സൗജന്യം കൊടുക്കാൻ കാശുള്ള മുതലാളിമാർ പലരും കാണും. ബൈജു മാത്രമല്ല.
എല്ലാ ജില്ലാ കളക്ടർമാർക്കും ഓരോ ഐ-ഫോൺ സൗജന്യമായി കൊടുക്കാൻ മുതലാളിമാർ ക്യൂ നിൽക്കും. അവർക്കൊക്കെ അവരുടേതായ ലക്ഷ്യങ്ങളും കാണും.
അതിന്റെ പേരാണ് അഴിമതി. അപ്പോൾ ബൈജു മുതലാളിയ്ക്ക് മാത്രമായി ഒരു ചാൻസ് കൊടുക്കുന്നത് ശരിയാണോ??
 
പല പോലീസ് ഉദ്യോഗസ്ഥരും ഇത്തരത്തിൽ പല സൗജന്യങ്ങളും രഹസ്യമായി പറ്റുന്നത് കൊണ്ടുകൂടിയാണ് നമ്മുടെ സിസ്റ്റം ഇങ്ങനെ ആയത്.
 
കേരളാ പോലീസിനെ അതിന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം അഴിമതിവൽക്കരിക്കുകയാണ് ഈ സർക്കാർ. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത പോലീസിനെ അപ്പടി അനുസരിക്കുന്നതിൽ പ്രസിദ്ധനും ആണ്. അഴിമതിയെ സ്ഥാപനവൽക്കരിക്കുന്നതിന്റെ കളികൾ കാണാൻ ഇരിക്കുന്നതേയുള്ളൂ.
 
മാനാഭിമാനമുള്ള പൊലീസുകാർ ഈ സർവ്വീസിൽ ബാക്കിയുണ്ടെങ്കിൽ മുതലാളിയോട് സൗജന്യം വേണ്ടേടോ എന്നു പറയാൻ മാത്രമല്ല, ഈ പരിപാടി പിൻവലിക്കണം എന്നു പറയാൻ ചങ്കൂറ്റം കാണിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍