ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

അഭിറാം മനോഹർ

തിങ്കള്‍, 25 മാര്‍ച്ച് 2024 (15:16 IST)
Ashish Nehra, GT Coach
2024 ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മാസങ്ങള്‍ മാത്രം മുന്‍പാണ് ഗുജറാത്ത് നായകനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ ആദ്യത്തെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോയത്. മുംബൈയിലേക്ക് പോയി എന്നത് മാത്രമല്ല രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനവും മടങ്ങിവരവില്‍ ഹാര്‍ദ്ദിക് പിടിച്ചെടുത്തു. ഗുജറാത്ത് ടൈറ്റന്‍സ് നായകനായി ആദ്യ സീസണില്‍ കിരീടവും ഒരു തവണ റണ്ണറപ്പായ മികച്ച റെക്കോര്‍ഡ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്കിനുണ്ടായിരുന്നു.
 
അതിനാല്‍ തന്നെ ഐപിഎല്‍ 2024ല്‍ ഏവരും ഉറ്റുനോക്കിയിരുന്നതാണ് മുംബൈ നായകനായുള്ള ഹാര്‍ദ്ദിക്കിന്റെ ആദ്യ മത്സരം. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ മുംബൈ ആരാധകര്‍ക്കും ഗുജറാത്തില്‍ നിന്നും അവസാന നിമിഷം മുംബൈയിലേക്ക് ചേക്കേറിയതിനാല്‍ ഗുജറാത്ത് ആരാധകര്‍ക്കും ഹാര്‍ദ്ദിക്കിനോട് വിരോധമുണ്ട്. ആയതിനാല്‍ തന്നെ ഗുജറാത്ത് മുംബൈ പോരാട്ടം ഹാര്‍ദ്ദിക്കിന് നിര്‍ണായകമായിരുന്നു. എന്നാല്‍ ഗുജറാത്തിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ കളി സ്വന്തം കയ്യിലിരുന്നിട്ടും മുംബൈ വിജയം കൈവിട്ടു. ബുമ്രയ്ക്ക് ആദ്യ ഓവറുകള്‍ നല്‍കാതിരുന്നതടക്കമുള്ള ഹാര്‍ദ്ദിക്കിന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഗുജറാത്ത് ടീം മെന്ററായ ആശിഷ് നെഹ്‌റയെ ആഘോഷിക്കുന്ന തിരക്കിലാണ്.
 
നായകന്‍ ഹാര്‍ദ്ദിക് പോയതോടെ പ്രതിസന്ധിയിലാകുമെന്ന കരുതിയ ഗുജറാത്ത് ചാമ്പ്യന്മാരെപോലെയാണ് മുംബൈയ്‌ക്കെതിരെ കളിച്ചത്. മികച്ച ടോട്ടല്‍ നേടാന്‍ കഴിയാതിരുന്നിട്ടും അതൊന്നും തന്നെ അവരുടെ ശരീരഭാഷയില്‍ പ്രതിഫലിച്ചില്ല. മറിച്ച് മുംബൈയാകട്ടെ മത്സരം പുരോഗമിക്കും തോറും കൂടുതല്‍ പിന്‍വാങ്ങുന്നതാണ് മത്സരത്തില്‍ കണ്ടത്. അവസാന ഓവറുകളില്‍ മോഹിത് ശര്‍മയും റാഷിദ് ഖാനും ചേര്‍ന്ന് വരിഞ്ഞുമുറുക്കിയപ്പോള്‍ സൂപ്പര്‍ താരങ്ങളെ കൊണ്ട് സമ്പന്നമായ മുംബൈ നിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 38 പന്തില്‍ 46 റണ്‍സുമായി യുവതാരം ഡെവാള്‍ഡ് ബ്രെവിസ് 29 പന്തില്‍ 43 റണ്‍സുമായി മുന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവര്‍ മാത്രമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.
 
മത്സരത്തിന്റെ അവസാന ഓവറുകളില്‍ ആശിഷ് നെഹ്‌റ ബൗണ്ടറിക്ക് സമീപത്ത് നിന്ന് തന്ത്രങ്ങള്‍ പറഞ്ഞുനല്‍കുന്നത് മത്സരത്തില്‍ പലപ്പോഴായി ദൃശ്യമായിരുന്നു. ഫുട്‌ബോളിലെ ടീം മാനേജറുടെ റോളാണ് ആശിഷ് നെഹ്‌റ ചെയ്യുന്നതെന്നും ഏറെ ഫലപ്രദമാണ് ഈ ഇടപെടലുകളെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കഴിഞ്ഞ 2 സീസണുകളിലെ ഗുജറാത്തിന്റെ വിജയത്തിന്റെ പിന്നില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനല്ലെന്നും അത് ആശിഷ് നെഹ്‌റയാണെന്നും ഇന്നലെ തെളിഞ്ഞതായും ആരാധകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍