പാകിസ്ഥാനിൽ നിന്നും പെൺകുട്ടികളെ വിവാഹത്തിനായി ചൈനയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 6 ഡിസം‌ബര്‍ 2019 (16:01 IST)
ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാൻ പാകിസ്ഥാനിൽ നിന്നും 629 പെൺകുട്ടികളെ വിറ്റതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പാകിസ്ഥാനിലെ മാധ്യമങ്ങളുടെ സഹായത്തോടെ അസ്സോസിയേറ്റ് പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. 2018 മുതൽ നടന്ന മനുഷ്യകടത്തിലെ വിവരങ്ങളാണ് അസ്സോസിയേറ്റ് പ്രസ്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
 
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ മാഫിയ ലക്ഷ്യമിടുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷമായ ക്രിസ്ത്യൻ പെൺകുട്ടികളാണ് വിവാഹമാഫിയ ലക്ഷ്യമിടുന്നവരിൽ ഏറെയും. ഇത്തരത്തിൽ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തപ്പെടുന്ന പെൺകുട്ടികൾ പിന്നീട് തടവറകളിൽ അടക്കപ്പെടുകയോ,വേശ്യാവ്രുത്തിയിലേക്ക് തള്ളപെടുകയോ ആണ് പതിവ്. അത്തരത്തിൽ പീഡനമേറ്റ് തിരിച്ചുവന്നവരിലൂടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. 
 
ഇത്തരത്തിൽ വിവാഹങ്ങൾ നടത്താൻ പാകിസ്ഥാനിലും ചൈനയിലും നിരവധി ഇടനിലക്കാരുമുണ്ട്. ഇവർ 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ചൈനീസ് വരന്റെ കയ്യിൽ നിന്നും വിവാഹത്തിനായി കൈപറ്റുന്നത്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന് കിട്ടുന്നത്  വെറും 2 ലക്ഷം രൂപയോളമാണ്.
 
അതേസമയം മനുഷ്യകടത്ത് നടക്കുന്നതായുള്ള വിവരങ്ങളെ തുടർന്നുള്ള അന്വേഷണം പാക് അധികൃതർ നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം മോശമാകുമെന്ന് കണ്ടാണ് പാക് അധികൃതർ അന്വേഷണം തടയുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍