ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷത്തിനോടടുക്കുന്നു, ഇതുവരെ രോഗം ബാധിച്ചത് 42.56 ലക്ഷം പേർക്ക്

ബുധന്‍, 13 മെയ് 2020 (07:54 IST)
ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42,56,991 ആയതായി കണക്കുകൾ. ഇതുവരെ 2.91 ലക്ഷം ആളുകളാണ് കൊവിഡ് ബാധിച്ച് ലോകമെങ്ങുമായി മരണപ്പെട്ടത്. 15 ലക്ഷത്തോളം പേർ രോഗമുക്തരായപോൾ 24.47 ലക്ഷത്തോളം കൊവിഡ് രോഗികൾ ഇപ്പോളും ചികിത്സയിലാണ്. ഇതിൽ 46,340 ആളുകളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
 
അമേരിക്കക്കും യൂറോപ്യൻ രാജ്യങ്ങൾക്കും പിന്നാലെ റഷ്യയിലും കൊവിഡ് വ്യാപന നിരക്കും മരണനിരക്കും വർദ്ധിച്ചിട്ടുണ്ട്.നിലവിൽ യുഎസ് കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് രോഗികൾ റഷ്യയിലാണ്. യുഎസ്സില്‍ 13.69 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കും.അമേരിക്കയിൽ ഇതുവരെ 83,425 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റഷ്യയിൽ 2116 പേരും കൊവിഡ് ബാധിച്ച് മരണപ്പെട്ടു.കേസുകൾ കൂടുതലുള്ള മറ്റുരാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിൽ മരണനിരക്ക് കുറവാണ്. 
 
അതേ സമയം യുകെ മരണസംഖ്യയിൽ ഇറ്റലിയെ മറികടന്നു. 32,692 പേരാണ് യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ ഇത് 30,911 പേരാണ്.ഫ്രാൻസിൽ 26,991 പേർ രോഗം ബാധിച്ച് മരിച്ചു. ബ്രസീലിലും മരണസംഖ്യയിൽ വർധനവുണ്ട്. ഇതുവരെ 12,404 ആളുകളാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍