ഷാക്കിബിനെതിരെ കടുത്ത നടപടി, ഐസിസി റാങ്കിങ്ങിൽ നിന്നും ഒഴിവാക്കി

ചൊവ്വ, 12 നവം‌ബര്‍ 2019 (11:40 IST)
വാതുവെപ്പുകാർ സമീപിച്ച വിവരം അറിയിക്കാത്തതിനെ തുടർന്ന് ഐ സി സി വിലക്കിയ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബിനെ ഐസിസി ടി20 ലോകറാങ്കിങ്ങിൽ നിന്നും പുറത്താക്കി. ഐ സി സി കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിൽ നിന്നാണ് ഷാക്കിബ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വിലക്കിന് മുൻപ്  ഓൾ റൗണ്ടർമാരുടെ പട്ടികയിൽ രണ്ടാമത്തെയും ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഒമ്പതാമത്തെയും സ്ഥാനത്തായിരുന്നു മുൻ ബംഗ്ലാദേശ് നായകൻ.
 
അതേസമയം ഷാകിബിനെതിരെയുള്ള ഐ സി സി തീരുമാനത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ഐ സി സിയുടേത് ഇരട്ടനീതിയാണ് എന്നതാണ് പ്രധാന ആക്ഷേപം. മുൻപ് പന്ത് ചുരുട്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയന്‍ മുന്‍ നായകൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉൾപ്പെട്ടപ്പോൾ രണ്ടുപേരെയും ഐ സി സി റാങ്കിങ് പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. വിലക്ക് നിലനിന്ന കാലയളവിൽ സ്മിത്ത് ഐ സി സി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ആദ്യ പത്തിൽ നിന്നും വെളിയിൽ പോകാതിരിക്കുകയും വിലക്കിന് ശേഷം തന്റെ ഒന്നാം നമ്പർ പദവി തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
 
എന്നാൽ ഷാക്കിബിനെ റാങ്കിങിൽ നിന്നും പുറത്താക്കിയതിനെ പറ്റി ഐ സി സി ഇതുവരെയും വിശദീകരണങ്ങൾ ഒന്നും തന്നെയും നൽകിയിട്ടില്ല. ഇതിനിടെ പട്ടികയിൽ നിന്നും ഷാക്കിബ് പുറത്തായതിനെ തുടർന്ന് അഫ്ഗാൻ താരം മുഹമ്മദ് നബി ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമതെത്തി. ഗ്ലെൻ മാക്സ് വെല്ലാണ് പട്ടികയിൽ രണ്ടാമത്. ബംഗ്ലാദേശിന്റെ നിലവിലെ ക്യാപ്റ്റൻ മുഹമ്മദുള്ള ഓൾ റൗണ്ടർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍