Ishan Kishan: കഴിഞ്ഞ ലോകകപ്പിലും ടീമിൽ, പിന്നീട് ടീമിൽ നിന്നും സ്വയം പിന്മാറി ഇഷാൻ കിഷന് ഇതെന്ത് സംഭവിച്ചു?

അഭിറാം മനോഹർ

തിങ്കള്‍, 8 ജനുവരി 2024 (17:56 IST)
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു മലയാളി താരമായ സഞ്ജു സാംസണിന് വിളിയെത്തിയത്. ഏകദിന ലോകകപ്പിന് പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലൊന്നും തന്നെ സഞ്ജു ടീമില്‍ ഇടം നേടിയിരുന്നില്ല.ഇതോടെ സഞ്ജു ഇന്ത്യയുടെ ടി20 ലോകകപ്പില്‍ പരിഗണനയിലുള്ള താരങ്ങളുടെ പട്ടികയില്‍ ഇല്ലെന്ന ധാരണയില്‍ എത്തിനില്‍ക്കവെയാണ് സഞ്ജുവിന് വീണ്ടും വിളിയെത്തിയത്.
 
വിക്കറ്റ് കീപ്പര്‍ താരമായ കെ എല്‍ രാഹുലിന്റെയും ഇഷാന്‍ കിഷന്റെയും അസ്സാന്നിധ്യത്തിലാണ് സഞ്ജുവിനും ജിതേഷ് ശര്‍മയ്ക്കും നറുക്ക് വീണത്. ക്രിക്കറ്റില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത ഇഷാന്‍ കിഷന്റെ തീരുമാനമായിരുന്നു ഒരുതരത്തില്‍ സഞ്ജുവിന്റെ തിരിച്ചുവരവിനും കാരണമായത്. ടി20യില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായാണ് ഇഷാനെ ടീം മാനേജ്‌മെന്റ് കരുതിയിരുന്നത്.
 
എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കിടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇഷാന്‍ ടീമില്‍ നിന്നും പിന്മാറുകയായിരുന്നു. മാനസികമായി ഏറെ ക്ഷീണിതനായത് കൊണ്ട് ക്രിക്കറ്റില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണെന്നാണ് ഇഷാന്‍ ടീമിനെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമീപഭാവിയിലൊന്നും ഇഷാന്‍ കിഷനെ ടീം മാനേജ്‌മെന്റ് പരിഗണിക്കില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിനൊപ്പമാണ് താരം. ടീമിനൊപ്പം വ്യത്യസ്ത പര്യടനങ്ങള്‍ക്കായി നിരന്തരം യാത്ര ചെയ്യേണ്ടിവന്നിട്ടും വേണ്ടത്ര അവസരങ്ങള്‍ താരത്തിന് ലഭിച്ചില്ല. പല ടൂര്‍ണമെന്റുകളിലും ബാക്കപ്പ് ഓപ്ഷനായാണ് കിഷന്‍ ടീമിനൊപ്പം തുടര്‍ന്നിരുന്നത്.
 
നിരന്തരമായ ഈ യാത്രകള്‍ തന്നെ തളര്‍ത്തിയെന്ന് ഇഷാന്‍ ടീം മാനേജ്‌മെന്റിനോട് വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കിഷനപ്പുറം മറ്റൊരു താരത്തെ ബിസിസിഐ പരിഗണിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്നും ഇഷാനെ പുറത്താക്കാന്‍ സാധ്യതയേറെയാണ്. ടീമിനൊപ്പം നിരന്തരം കൂടെയുണ്ടായിരുന്നിട്ടും അവസരങ്ങള്‍ ലഭിക്കാത്തതാണ് ഇഷാനെ നിരാശനാക്കിയത്. ഇതോടെ ടെസ്റ്റില്‍ ഇഷാന് പകരം ഭരതിനെയാകും ഇന്ത്യ പരിഗണിക്കുക. ടി20യില്‍ സഞ്ജുവും ജിതേഷ് ശര്‍മയുമാണ് സെലക്ടര്‍മാരുടെ റഡാറിലുള്ളത്. സഞ്ജുവിന് ടി20 ടീമിലേക്ക് തിരികെ വിളിയെത്തിയതും ഈ സാഹചര്യത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍