ഈ പൂക്കളെ പൂക്കളങ്ങള്‍ മറന്നോ?

KBJWD
ചിങ്ങം പിറക്കുമ്പോള്‍ തന്നെ തൊടികളില്‍ വര്‍ണ രാജി നെയ്ത് തീര്‍ത്ത് കേരളത്തിന്‍റെ സ്വന്തമെന്ന് പറയാവുന്ന പൂക്കള്‍ വിരിയുമായിരുന്നു. ഇന്ന് തൊടികള്‍ എന്ന് പറയുന്നത് പോലും ഗൃഹാതുരമായ ഓര്‍മ്മയാവുമ്പോള്‍ പൂക്കളെ നന്‍‌മ നിറഞ്ഞ മനസ്സുകളില്‍ വിരിയിക്കാനല്ലാതെ മലയാളിക്ക് എന്ത് ചെയ്യാന്‍ കഴിയും?

തുമ്പപ്പൂ

ഓണപ്പൂക്കളങ്ങള്‍ മറുനാടന്‍ പൂക്കള്‍ കൈയ്യടക്കുമ്പോള്‍ തുമ്പയും തെറ്റിയുമൊക്കെ മലയാളികള്‍ക്ക് അന്യമാവുകയാണ്. ഒരുകാലത്ത് മലയാളിയുടെ പൂക്കളങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു തുമ്പപ്പൂ.

തൊടികളിലും പാടത്തും പറമ്പിലുമായി സദ്ധമായി പൂവിട്ടിരുന്ന തുമ്പച്ചെടികള്‍ ഇന്ന് പലയിടങ്ങളിലും കാണാറില്ല. അത്തം മുതല്‍ പൂക്കളങ്ങളില്‍ പല പൂക്കളും എത്തിയിരുന്നുവെങ്കിലും പുറന്തള്ളനാവാത്ത പ്രാധാന്യമായിരുന്നു തുമ്പപ്പൂവിനുണ്ടായിരുന്നത്. അത്തക്കളങ്ങളില്‍ ആദ്യം വയ്ക്കുന്നത് തുമ്പപ്പൂക്കളങ്ങളായിരുന്നു.

മഹാബലിയുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളോട് തുമ്പപ്പൂവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ശിവഭക്തനായ മഹാബലി ശിവനെ പൂജിക്കുന്നതിനായി തുമ്പപ്പൂ ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് മഹാബലിയെ വരവേല്ക്കുന്ന പൂക്കളങ്ങളിലെ പ്രഥമ സ്ഥാനത്ത് തുമ്പപ്പൂവെത്തിയത്.

എന്നാല്‍ കാലം മാറിയതോടെ തുമ്പപ്പൂ അപ്രത്യക്ഷമായി. അന്യസംസ്ഥാങ്ങളില്‍ നിന്നുമുള്ള പൂക്കളും കൃത്രിമ പൂക്കളും പൂക്കളങ്ങളില്‍ സ്ഥാനം പിടിച്ചു.

കൃഷ്ണകിരീട

ഒരുകാലത്ത് മലയാളിയുടെ അത്തപ്പുക്കളങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു കൃഷ്ണകിരീടം. കൃഷ്ണകിരീടം എന്നു കേള്‍ക്കുമ്പോള്‍ ഇതെങ്ങനെ അത്തത്തിന് ഉപയോഗിക്കുമെന്നാകും. എന്നാല്‍ കേട്ടോളൂ, ഇതൊരു പൂവാണ്.

പൂക്കളുടെ രാജാവെന്ന് തന്നെ പറയാം. മലബാറിലെ കണ്ണൂര്‍ ജില്ലയിലാണ് ഈ പൂ കൂടുതലായി കാണുന്നത്. കൃഷ്ണനാട്ടത്തിലെയും കഥകളിയിലെയും കൃഷ്ണന്‍റെ കിരീടം ഈ പൂവിന്‍റെ രൂപ ഭംഗി അനുകരിച്ചാണ്. ചിലയിടങ്ങളില്‍ കൃഷ്ണന് പകരം ഹനുമാനാണ്. അതിനാല്‍ ഈ പൂവിന് ഹനുമാന്‍ കിരീടം എന്നും പേരുണ്ട്.

പഗോഡ അഥവാ ബുദ്ധഷേത്രങ്ങളുടെ രൂപമുള്ളതിനാല്‍ ബുദ്ധകേന്ദ്രമായ തലശേരി ഭാഗങ്ങളില്‍ പഗോഡ എന്ന് ഈ പൂവിനെ വിളിക്കുന്നു. ക്ഷേത്രങ്ങളിലെ കലശത്തിന്‍റെ ആകൃതിയിലുള്ളതിനാല്‍ വടക്കേമലബാറില്‍ കലശത്തട്ടെന്നും ഈ പൂവിന് പേരുണ്ട്. കാട്ടുപൂവോ വീട്ടുപൂവോ അല്ലാത്ത ഈ പൂവിന് ഓണക്കാലത്ത് ഏറെ ആവശ്യക്കാരാണുള്ളത്.

ഒരു കാലത്ത് ഈ പൂ മലബാറിലെ അത്തപ്പൂക്കളങ്ങള്‍ക്ക് മികവേകിയിരുന്നു.

വെബ്ദുനിയ വായിക്കുക