പുരുഷനുമുണ്ട് ‘വരള്‍ച്ച’യുടെ കാലം!

വെള്ളി, 28 ഫെബ്രുവരി 2014 (14:53 IST)
PRO
ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലം ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല. പുരുഷനും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു.

ആര്‍ത്തവ വിരാമ കാലത്താണ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ മൂലമുള്ള ദുരിതങ്ങള്‍ സ്ത്രീകള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത്. വിഷാദവും തളര്‍ച്ചയും ഉന്‍‌മേഷക്കുറവും ഹോട്ട് സ്പോട്ടുകളും ചിലപ്പോള്‍ വിഭ്രാന്തികളും അവരെ അലട്ടുന്നു. സ്ത്രീകളില്‍ ഹോര്‍മോണ്‍ കാട്ടുന്ന വികൃതികളുടെ ഫലമായുണ്ടാകുന്ന ഇത്തരം പ്രയാസങ്ങളും മാനസികാവസ്ഥയും, വിവേകിയായ പുരുഷനു പോലും മനസ്സിലാക്കാന്‍ കഴിയുന്നില്ല - അവ വളരെ പ്രകടമായിരുന്നിട്ടു പോലും.

ഈ കാലത്ത് സ്ത്രീക്ക് സ്നേഹവും സാന്ത്വനവും സംരക്ഷണവും നല്‍കാനാണ് പുരുഷന്‍ / ഭര്‍ത്താവ് ശ്രമിക്കേണ്ടത്. എന്നാല്‍, ഈയിടെയായി അവളുടെ സ്വഭാവത്തില്‍ ചില കുഴപ്പങ്ങള്‍ കാണുന്നു എന്ന് പറഞ്ഞ് മുഷിഞ്ഞിരിക്കാനാണ് പുരുഷന്മാര്‍ക്ക് കൗതുകം.

പുരുഷന്‍ ഇത്തരത്തില്‍ പെരുമാറാനുള്ള ഒരു കാരണം, അവനും സമാനമായൊരു ഹോര്‍മോണ്‍ മാറ്റത്തിന് - അതുണ്ടാക്കുന്ന ശാരീരിക മാനസിക അവസ്ഥകള്‍ക്ക് - ഇരയായിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ്. സ്ത്രീയുടെ ആര്‍ത്തവ വിരാമ കാലഘട്ടത്തിന് സമാനമായ ജീവിത ദശയിലൂടെ പുരുഷനും കടന്നു പോകുന്നുണ്ട് എന്ന് വൈദ്യശാസ്ത്രം തറപ്പിച്ചു പറയുന്നു.

പുരുഷ മെനപ്പോസ് അഥവാ ആന്ത്രപ്പോസ്

സ്ത്രീയില്‍ ആര്‍ത്തവം നിലയ്ക്കുന്നത് പോലെ ഒരവസാനം പുരുഷന്‍റെ ഈ ജീവിത ഘട്ടത്തിനില്ല. മാത്രമല്ല ചെറിയ ഹോര്‍മോണ്‍ ചികിത്സയിലൂടെ കുറെയൊക്കെ ഈ അവസ്ഥ മാറ്റിയെടുക്കാനും ആവും. പുരുഷന്‍റെ ഈ ജീവിത ദശയെ മെയില്‍ മെനപ്പോസ് എന്ന് പേരിട്ടു വിളിക്കുന്നു. ഫ്രഞ്ച് ചികിത്സകര്‍ ആന്ത്രപ്പോസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

45 മുതല്‍ 55 വയസ്സു വരെയാണ് പ്രധാനമായും സ്ത്രീയുടെ ആര്‍ത്തവ വിരാമ കാലം. പുരുഷന്‍റേതാകട്ടെ ഈ കാലം 40 മുതല്‍ 55 വരെ ആകാം. സ്ത്രീകള്‍ക്കുള്ളതു പോലെ ലൈംഗികമായ താത്പര്യക്കുറവ്, ക്ഷീണം, മാനസികാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, ഉറക്കക്കുറവ് എന്നിവയെല്ലാം കുറേശ്ശെ പുരുഷനും അനുഭവിക്കുന്നു. ആര്‍ത്തവമോ ആര്‍ത്തവ വിരാമമോ പുരുഷന് ഇല്ലാത്തത് കൊണ്ട് ഇത് ആരും അത്ര അറിയാറില്ല. വയസ്സായിത്തുടങ്ങി എന്ന് ചിലപോള്‍ പരിതപിച്ചെങ്കിലായി.

ലൈംഗികാവയവത്തിനുണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവും ബലക്കുറവുമാണ് വാസ്തവത്തില്‍ ഈ ജീവിത ദശയില്‍ പുരുഷനെ കാര്യമായി അലട്ടുന്ന പ്രശ്നം. ഉദ്ധാരണം ഏറെ സമയം നിലനിര്‍ത്തുന്നതിലും പലരും പരാജയപ്പെടുന്നു. എന്നാല്‍ ആഗ്രഹം ഒട്ടു കുറയുന്നുമില്ല. ഇത്തരം പരാതികളുമായി എത്തുന്ന പലരെയും വിദഗ്ദ്ധമായി പരിശോധിച്ചപ്പോഴാണ് സ്ത്രീയുടേതിന് സമാനമായ ചില ഹോര്‍മോണ്‍ മാറ്റങ്ങളും അവയുടെ പ്രയാസങ്ങളും പുരുഷനെയും അലട്ടുന്നുണ്ടെന്ന് വൈദ്യ ശാസ്ത്രം തിരിച്ചറിഞ്ഞത്.

ലൈംഗിക വിചാരം കൂടുന്നു, ശേഷി കുറയുന്നു

40 കഴിഞ്ഞ പുരുഷന്മാരില്‍ മിക്കവരിലും ലൈംഗിക വിചാരം കൂടുക പതിവാണ്. എന്നാല്‍ അതോടൊപ്പം ചിലപ്പോള്‍ പുരുഷ ഹോര്‍മോണായ ടെസ്റ്റൊസ്റ്റിറോണ്‍(ആന്‍ഡ്രോജെന്‍) ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നു. പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ ഈ മാറ്റം വളരെ പ്രകടമാവുകയും ക്ഷീണം, വിഷാദം, തളര്‍ച്ച, ജോലിയില്‍ താത്പര്യമില്ലായ്മ എന്നിവയും ഉണ്ടാകാം. ഏറെക്കുറെ സ്ത്രീകള്‍ക്കുണ്ടാവുന്നതു പോലെ തന്നെ.

എന്നാല്‍ പുരുഷന്‍റെ മെനപ്പോസ് അവസ്ഥ സ്ത്രീകളുടെ ആര്‍ത്തവ വിരാമം പോലെ പ്രായം കൂടുന്നതിനനുസരിച്ച് - മധ്യവയസ്സില്‍ - ഉണ്ടാകുന്ന സ്വാഭാവിക പരിണാമമല്ല. മധ്യ വയസ്സില്‍ സ്ത്രീക്ക് അണ്ഡം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇല്ലാതാവുന്നു. ഓവറികളില്‍(അണ്ഡാശയത്തില്‍) അതിനുള്ള സംവിധാനം നിലച്ചു പോകുന്നു.

എന്നാല്‍ പുരുഷ വൃഷണങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നില്ല. 80 കഴിഞ്ഞ പുരുഷനും ബീജോല്‍പാദന ശേഷി ഉണ്ടായിരിക്കും. വയസ്സ് ഏറുന്നതോടെ വൃഷണങ്ങളുടെ ബീജോല്‍പ്പാദന പ്രക്രിയ നിലയ്ക്കുന്നില്ല എന്ന് ചുരുക്കം. എന്നാല്‍ ചില രോഗാവസ്ഥകള്‍ കാരണം വൃഷണങ്ങളുടെ പ്രവര്‍ത്തന ശേഷി ഗണ്യമായി കുറഞ്ഞേക്കാം. 40 - 45 വയസ്സാകുന്നതോടെ ബീജോല്‍പ്പാദനത്തിന്‍റെ അളവും കുറഞ്ഞേയ്ക്കാം. 70 കഴിയുമ്പോള്‍ ഇത് തീരെ കുറഞ്ഞു പോയെന്നും വരാം. എങ്കിലും നിലച്ചു പോവുകയില്ല.

ഹോര്‍മോണ്‍ തെറാപ്പി സൂക്ഷിച്ചു മാത്രം

ആന്ത്രപ്പോസ് അഥവാ പുരുഷ മെനപ്പോസ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പി കൊണ്ട് അതിന് മാറ്റം വരുത്താനാവും. വളരെ സൂക്ഷ്മമായ - തുടര്‍ച്ചയായ രക്ത പരിശോധനയിലൂടെ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്‍റെ കുറവ് കണ്ടെത്താനാവും.

വളരെ കുറവാണെങ്കില്‍ മാത്രം ആന്‍ഡ്രോജെന്‍ നല്‍കി രോഗാവസ്ഥ മാറ്റാന്‍ ശ്രമിക്കാം. അതോടെ പുരുഷന് ലൈംഗിക താത്പര്യവും ലൈംഗികശേഷിയും വര്‍ദ്ധിക്കും. വിഷാദം പോയി ഒളിക്കും. ആള്‍ ഉഷാറാവും. എന്നാല്‍ പുരുഷനിലെ ഹോര്‍മോണ്‍ തെറാപ്പിക്ക് ഒരു കുഴപ്പമുണ്ട്. അതിന് ഗുരുതരമായ പാര്‍ശ്വ ഫലങ്ങളുണ്ടാവാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അര്‍ബുദം, രക്തക്കുഴലുകള്‍(ആര്‍ട്ടറികള്‍) കട്ടിയാവല്‍ തുടങ്ങിയവ ഈ ചികിത്സയുടെ ഫലമായി ഉണ്ടാവുകയോ, ഗുരുതരമാവുകയോ ചെയ്യാം.

അതുകൊണ്ട് നാല്‍പതോടടുക്കുമ്പോള്‍ ലഘു വ്യായാമങ്ങള്‍ ചെയ്ത് ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുകയും, മാനസിക ഉല്ലാസത്തിനും പിരിമുറുക്കം കുറയ്ക്കാനുമുള്ള ഏര്‍പ്പാടുകളില്‍ മുഴുകുകയും ചെയ്യുന്നതാണ് നല്ലത്. പുരുഷനും ഇത്തരമൊരു ജീവിതദശ ഉണ്ടെന്നറിഞ്ഞാല്‍ അതിനെ സ്വാഭാവികമായും സമര്‍ത്ഥമായും നേരിടാനുള്ള വഴികള്‍ കണ്ടെത്തുക എളുപ്പമായിരിക്കും. പ്രമേഹം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍, വന്നാല്‍ നിയന്ത്രണത്തിലാക്കാനുമുള്ള വഴികള്‍ ആലോചിച്ച് ഉറപ്പിക്കുന്നതും നന്ന്.

വെബ്ദുനിയ വായിക്കുക