ഓര്‍മയിലൊരു ബോബി കൊട്ടാരക്കര

ഓര്‍മ്മയിലെവിടെയോ ഒരു ""ചൊറോട്ടയും പോപ്സും'' (മുത്താരം കുന്ന് പി.ഒ) അല്ലെങ്കില്‍ ""അതിനേക്കാള്‍ നല്ലതാണല്ലോ ഇതിനേക്കാള്‍ നല്ലതാണല്ലോ?'' (കാഴ്ചക്കപ്പുറം) മലയാള സിനിമ നല്കിയ രണ്ട് ഡയലോഗുകള്‍.

മലയാളിയുടെ നിത്യ സംഭാഷണത്തില്‍ സ്ഥിരം "നമ്പരുകളായി' മാറിയ ഈ സംഭാഷണ ശകലങ്ങള്‍ക്കുടമ ഇന്നു നമ്മോടൊപ്പമില്ല. ഒരുപക്ഷേ, മലയാള സിനിമ തന്നെ ഈ നടനെ മറന്നു കഴിഞ്ഞു എന്നു വരാം. പക്ഷേ, ഇന്നും എന്നും താന്‍ അഭിനയിച്ച വേഷങ്ങളുടെ നിറവില്‍ ബോബി കൊട്ടാരക്കരയ്ക്ക് മരണമില്ല; അദ്ദേഹം പകര്‍ന്നു തന്ന തമാശകള്‍ക്കും.

2000 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ബോബി കൊട്ടാരക്കര അന്തരിച്ചത് . രാജീവ് കുമാറിന്‍െറ "വക്കാലത്ത് നാരായണന്‍ കുട്ടി'യില്‍ നിയമപുസ്തകങ്ങള്‍ വിറ്റുനടക്കുന്ന ക്യാപ്റ്റന്‍ ബോബി എന്ന കഥാപാത്രമായഭിനയിച്ചുവരികയായിരുന്നു..

കൊട്ടാരക്കര വീനസ് ജംഗ്ഷനില്‍ പരേതനായ പരീത്കുഞ്ഞ് റാവുത്തരുടെ മകനായി ജനിച്ച ബോബിക്ക് ഹാസ്യഭിനയം ജന്മസിദ്ധമായിരുന്നു.24 വര്‍ഷം മുമ്പ് അഭിനയരംഗത്തെത്തി മുന്നൂറിലധികം ചിത്രങ്ങളിലഭിനയിച്ച് അഭ്രപാളികളില്‍ അനശ്വരതനേടിയ ബോബി എന്ന അബ്ദുള്‍ അസീസ് മലയാളസിനിമക്കു നല്‍കിയത് കാലഘട്ടത്തെ അതിജീവിക്കുന്ന അഭിനയചാതുരിയാണ്.

നാടകത്തിലൂടെയായിരുന്നു ബോബിയുടെ കടന്നു വരവ്. കൊല്ലം കാളിദാസകലാകേന്ദ്രം, ആലപ്പുഴ മലയാളകലാഭവന്‍, ആറ്റിങ്ങല്‍ ജനശക്തി, ആലുമ്മൂടന്‍െറ നാടകഗ്രൂപ്പ് ..ബോബി സഹകരിക്കാത്ത നാടകസംഘങ്ങള്‍ കുറയും.

ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളിലൂടെയും മിമിക്രിയിലൂടെയും കലാലോകത്ത് സജീവസാന്നിധ്യമറിയിച്ചിരുന്നെങ്കിലും സിനിമാഭിനയമാണ് അദ്ദേഹത്തെ പ്രശസ്തിയുടെ നടുമുറ്റത്തെത്തിച്ചത്. അടൂര്‍ ഭാസി സംവിധാനം ചെയ്ത "മുച്ചീട്ടുകളിക്കാരന്‍െറ മകനി'ലൂടെ വെള്ളിത്തിരയിലെത്തിയ ബോബിക്ക് പിന്നീട് തിരികെ നോക്കേണ്ടി വന്നിട്ടില്ല.

"ആരോഹണം 'എന്ന ചിത്രത്തിലൂടെയാണ് ബോബി സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. വളര്‍ച്ചയുടെ പടവുകളായിരുന്നു പിന്നീടുള്ളത്. "മഴവില്‍കാവടി'യിലൂടെയാണ് ബോബി തിരക്കുള്ള നടനാകുന്നത്. "ഉലക്ക' എന്ന ഹാസ്യകഥാപ്രസംഗത്തിലെ ബോബി എന്ന പേരാണ് പിന്നീട് അസീസ് സ്വന്തമാക്കിയത്. അനേകം സിനിമകളില്‍ നര്‍മ്മത്തിന്‍െറ ലഹരിനുണഞ്ഞ് നമുക്ക് മുമ്പിലെത്തിയ ബോബി മലയാളസിനിമക്ക് നല്‍കിയത് മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.

നെറ്റിപട്ടം പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങളില്‍ ദു:ഖത്തിന്‍െറ സന്നിവേശവും സാധിപ്പിച്ച ബോബിക്ക് ജീവിതം സ്വന്തം സഹോദരങ്ങളായിരുന്നു.


വെബ്ദുനിയ വായിക്കുക