ഗതാഗത നിയമലംഘനങ്ങളെ ഇൻഷൂറൻസുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിയ്ക്കാൻ ഇൻഷൂറൻസ് നിയന്ത്രണ അതോറിറ്റി ഐആർഡിഎ. ഇതിനെ കുറിച്ച് പഠിയ്ക്കാൻ പ്രത്യേക സമിതിയെ ഇൻഷൂറൻസ് നിയന്ത്രണ അതോറിറ്റി നിയോഗിച്ചിരുന്നു, ഈ റിപ്പോർട്ട് പൊതുജന അഭിപ്രായങ്ങൾക്കായി ഐആർഡിഎ പ്രസിദ്ധീകരിച്ചു. നിയമ ലംഘനങ്ങൾക്ക് അവയുടെ ഗൗരവത്തിന് അനുസരിച്ച് പ്രത്യേക പോയന്റുകൾ നൽകിയിട്ടുണ്ട്. ഈ പോയന്റുകളുടെ അടിസ്ഥാനത്തിലാണ് പ്രീമിയം തുക വർധിപ്പിയ്ക്കുക. മദ്യപിച്ച് വാഹനമോടിയ്ക്കുന്നതിനാണ് കൂടുതൽ പോയന്റ് നിശ്ചയിച്ചിട്ടുള്ളത്. 100 പോയന്റാണ് ഇത്. വാഹന ഇൻഷൂറൻസ് എടുക്കുന്നതിനോ പുതുക്കുന്നതിനോ ഇൻഷൂറൻസ് കമ്പനികളെ സമീപിയ്ക്കുമ്പോൾ വാഹനം മുൻകാലത്ത് നടത്തിയിട്ടുള്ള ഗതാഗത നിയമലംഘനങ്ങൾ കൂടി പരിശോധിയ്ക്കാൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.