യൂണിയന്‍ ബജറ്റ് 2018: രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം
വ്യാഴം, 1 ഫെബ്രുവരി 2018 (12:24 IST)
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ശമ്പളവര്‍ദ്ധന. രാഷ്ട്രപതിയുടെ ശമ്പളം അഞ്ചുലക്ഷമാക്കി. ഉപരാഷ്ട്രപതിക്ക് നാലുലക്ഷം. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.
10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ സൌജന്യ ചികിത്സ നല്‍കും. 50 കോടി പേര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ക്ഷയരോഗികള്‍ക്ക് പോഷകാഹാരത്തിന് 600 കോടി പ്രഖ്യാപിച്ചു. ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങും. എല്ലാ പാവപ്പെട്ട കുടുംബങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍. നാഷണല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലയിപ്പിക്കും.
കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി നടപ്പാക്കുമെന്ന് അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റില്‍ പറയുന്നു. ഇതിനായി 500 കോടി വകയിരുത്തി. താങ്ങുവില ഒന്നരമടങ്ങാക്കും. 10000 കോടിയുടെ മത്സ്യ-മൃഗ സംരക്ഷണ ഫണ്ടും ബജറ്റില്‍ പ്രഖ്യാപിച്ചു.
എട്ടുകോടി വനിതകള്‍ക്ക് സൌജന്യ പാചകവാതകം നല്‍കും. ഗ്രാമീണ മാര്‍ക്കറ്റുകള്‍ക്ക് 2000 കോടി. സ്വയം സഹായ സംഘങ്ങള്‍ക്കുള്ള വായ്പ 75000 കോടി രൂപയായി ഉയരും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യ ക്ഷീര മേഖലയിലും നടപ്പാക്കും. 4 കോടി പാവപ്പെട്ടവര്‍ക്ക് സൌജന്യ വൈദ്യുതി കണക്ഷന്‍. രണ്ടുകോടി ശുചിമുറികള്‍ സ്ഥാപിക്കും.
ഇന്ത്യ ഉടന്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് ഘടനയാകുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷം 7.2 - 7.5 ശതമാനം വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നു. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും. അടിസ്ഥാന വികസനത്തിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ദ്ധിക്കും. കാര്‍ഷിക, ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും - ധനമന്ത്രി വ്യക്തമാക്കി.
പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കും. വയോജനക്ഷേമവും അടിസ്ഥാനവികസനവും ലക്‍ഷ്യങ്ങളാണ്. സാമ്പത്തിക പരിഷ്കരണ നടപടികള്‍ വളര്‍ച്ചയ്ക്ക് വഴിതുറന്നു. രാജ്യം അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.