ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികൾക്ക് രാജ്യത്ത് തുടക്കം. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്‌സഭയിൽ അറിയിച്ചു. 10 കോടി ദരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതി നടപ്പിലാക്കും. ചികിൽസയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കും. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേർക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്.
രാജ്യത്തെ നാലു കോടി ദരിദ്രർക്ക് സൗജന്യ വൈദ്യുതി എത്തിക്കാൻ സർക്കാർ നടപടികൾ ഉണ്ടാകും. അതോടൊപ്പം, കാർഷിക മേഖലയ്ക്കുള്ള വായ്പകൾ 10 ലക്ഷം കോടിയിൽ നിന്ന് 11 ലക്ഷം കോടിയാക്കി ഉയർത്തി. കാർഷികോത്പാദനം വർദ്ധിപ്പിക്കും. 2000 കോടിയാണ് രാജ്യത്തെ കാർഷിക വിപണികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. കർഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. കാർഷിക- ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
കാത്തിരിപ്പിന് ശേഷം മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കമായത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഞ്ചാമത്തെ ബജറ്റാണ് മന്ത്രിസഭയിൽ അവതരിപ്പിക്കുന്നത്. ജയ്റ്റ്‍ലി അവതരിപ്പിക്കുന്ന ബജറ്റിന് പാർലമെന്റ് ഹാളിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ രാവിലെ തന്നെ അംഗീകാരം നൽകിയിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷമാണ് ജയ്റ്റ്‍ലി ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.