സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ട്രക്കിങ്ങിനെന്ന വ്യാജേന സന്ദീപ് കഴിഞ്ഞ മാസം ബൈക്കിൽ കർണാടകയിലേക്കു പുറപ്പെട്ടു. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. കൊപ്പ– ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. പിടിവലി നടത്തിയ രീതിയിൽ ബൂട്ടിന്റെ പാടുകൾ ഉണ്ടാക്കി. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.
സന്ദീപിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കർണാടക പൊലീസ് സംഭവസ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ബോഡി കണ്ടെത്താനായില്ല. ഇതിനിടെ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി. പെൺകുട്ടി ജോലി ചെയ്ത സ്ഥലവും മറ്റും അന്വേഷിച്ചെത്തിയ പൊലീസാണ് അശ്വിനി കുറച്ചുകാലം സന്ദീപിനൊപ്പം ജോലി ചെയ്തെന്നു മനസ്സിലാക്കിയത്.
ഇരുവരും തമ്മിൽ അടുത്തബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇരുവരുടെയും ഫോണിലെ മുൻകാല ഫോൺവിളികൾ പരിശോധിച്ചു. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ പുതിയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്.