ദീപാ നിശാന്ത് മോഷ്ടിച്ചതായി ആരോപിക്കുന്ന എസ് കലേഷിന്റെ കവിതയുടെ പൂര്‍ണരൂപം
വെള്ളി, 30 നവംബര്‍ 2018 (13:54 IST)
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയതായി യുവകവി എസ് കലേഷ് ആരോപിച്ചിരുന്നു. ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ ദീപ നിശാന്ത് കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
ദീപ നിശാന്ത് മോഷ്ടിച്ചെതെന്ന് ആരോപണം ഉയര്‍ന്ന എസ് കലേഷിന്റെ കവിതയുടെ പൂര്‍ണരൂപം:
”അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ”
അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍.
അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്
വെക്കം നിന്റെ വീട്ടിലേക്ക്
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്.
ഇന്നത്തെപ്പോലെ
ഓട്ടോയ്ക്ക് കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക് എത്തിപ്പിടിച്ച്
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക് ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക് വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന് താഴെവീണ് മണ്ണുപറ്റും.
ഉടന്‍ പിടഞ്ഞെണീറ്റ്
മുറ്റത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന് നോക്കിച്ചിരിച്ച്
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക് നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.
അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക് പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്
ഞാന്‍ തൊട്ടുവിളിക്കും.
കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന് രശ്മികള്‍
പൊടുന്നനെ എന്നിലേക്ക് പുറപ്പെടും.
പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.
നീ വിളിച്ചുപോന്ന എന്‍പേര്
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്ക്കും മീനാകും.
മീനിന്‍ പിടപ്പുകണ്ട്
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക് തുഴയുകയാണെന്നു കരുതി
നാവ് നനച്ചുതരും.
വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.
പൊടുന്നനെ നീ കൈപൊക്കുന്നത്
എന്നെ തൊട്ടതാകുന്നു.
നെഞ്ചിലേക്ക് നീ കൈതാഴ്ത്തുന്നത്
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.
ശ്വാസംമുറുകി നീ കുറുകുന്നത്
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.
എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന് മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ് തപ്പിത്തുടങ്ങും.
മക്കള്‍ സോപ്പുതേച്ച്
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.
വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ…
വീട്, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്, വെളുപ്പ്, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട് തൊടാനാകില്ലല്ലോ…
തുടരെ
നമ്മള്‍ ബസ്സ്റ്റാന്‍ഡിലേക്ക് നടക്കും.
വഴിവക്കുകളില്‍ അലസം നില്ക്കും.
ബസ്സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.