ബാറ്ററിയിൽ ഓടുന്ന കപ്പലോ ? സത്യമാണ് എന്നാൽ ബറ്ററി മാത്രമല്ല ഇന്ധനത്തിന്റെയും സഹായത്തോടെയാണ് കപ്പൽ യാത്ര ചെയ്യുക. സാങ്കേതികവിദ്യ അത്രത്തോളം പുരോഗമിച്ചിരിക്കുന്നു. ലോകത്തിലെ ആദ്യ ഹൈബ്രിഡ് ക്രൂസ് കപ്പലായ റൊവാൾഡ് അമൻഡ്‌സെനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജൂലൈ മൂന്നിനാണ് ഈ ഹൈബ്രിഡ് ക്രൂസ് ഷിപ്പ് നീറ്റിലിറങ്ങിയത്.
എക്സ്‌പഡീഷൻ എന്ന ഗണത്തിൽ പെടുന്നതാണ് ഈ കപ്പൽ. നോർവെയിലെ ക്ലമൻ യാർഡ്സ് എന്ന കപ്പൽ കമ്പനിയാണ് ലോകത്തിലെ ആദ്യ ഹൈബ്രിഡ് ക്രൂസ് ഷിപ്പ് നിമ്മിച്ച നീറ്റിലിറക്കിയത്. ഹൈബ്രിഡ് കാറുകളിലേതിന് സമാനമായി ബാറ്ററിയിൽനിന്നുമുള്ള ഊർജ്ജവും ഇന്ധനത്തിൽനിന്നുമുള്ള ഉർജ്ജവും ഉപയോഗപ്പെടുത്തിയാണ് ഈ കപ്പൽ സഞ്ചരിക്കുക. ഇതോടെ വലിയ രീതിയിൽ തന്നെ പരിസ്ഥിതി മലിനീകരണം കുറക്കാനാകും.
മറ്റു കപ്പലുകളെ അപേക്ഷിച്ച് 20 ശതമാനത്തോളം കാർബൺ എമിഷൻ കുറക്കാൻ കപ്പലിലെ ഹൈബ്രിഡ് സംവിധാനത്തിലൂടെ സാധിക്കും. നോർവേയിലെ ട്രാംസോയിൽനിന്നും ജർമ്മൻ തുറമുഖമായ ഹാംബർഗിലേക്കായിരുന്നു റൊവാൾട് അമുൻഡ്‌സെനിന്റെ ആദ്യ യാത്ര. ആർട്ടിക് പ്രദേശങ്ങളെ ശാസ്ത്ര പഠനങ്ങൾക്ക് വേണ്ടിയാകും കപ്പൽ പ്രധാനമായും ഉപയോഗിക്കുക. നോര്‍വെയിലെ പ്രശസ്ത ധ്രുവമേഖലാ ഗവേഷകനായ റുവാഡ് അമൻസനിന്‍റെ ഓര്‍മക്കായാണ് കപ്പലിന് ഈ പേര് നൽകിയിരിക്കുന്നത്.