ശബരിമല ദർശനത്തിനായി എത്തിയത് തൃപ്തി ദേശായിയെ സംഘപ്രവർത്തകരും പൊലീസും തടഞ്ഞിരുന്നു. എന്നാൽ, തൃപ്തിയെ സ്പോൺസർ ചെയ്തത് തന്നെ ബിജെപി നേതൃത്വമാണെന്ന് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയകളിലാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്.
ഇന്ന് രാവിലെ കമ്മീഷണർ ഓഫീസിലെത്തിയ ഇവരെ ബിജെപിയും ശബരിമല കര്‍മ്മ സമിതിയും തടഞ്ഞിരുന്നു. കോട്ടയം വഴി പത്തനംതിട്ടയ്ക്ക് പോവുകയാണെന്ന് പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന വിവരം എങ്ങനെ അറിഞ്ഞെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ബിജെപി നേതാക്കൾക്ക് സാധിച്ചില്ല.
സംഘം കമ്മീഷണര്‍ ഓഫീസില്‍ എത്തുമെന്ന് ആലുവ റൂറല്‍ എസ്.പിക്കു പോലും അറിയുമായിരുന്നില്ല. ആദ്യം അതൊക്കെയറിയാന്‍ തങ്ങള്‍ക്ക് സംവിധാനം ഉണ്ടെന്ന് പറഞ്ഞ ഇവർ പിന്നീട് ഏതോ ചാനല്‍ വഴിയാണ് വിവരമറിഞ്ഞതെന്ന് നിലപാട് മാറ്റി. അതേസമയം, വിവരം അറിഞ്ഞ ശേഷം മാധ്യമങ്ങൾ എത്തുന്നതിനു മുന്നേ കമ്മീഷണർ ഓഫീസിൽ എത്തിയതും വാർത്ത ആദ്യം കവർ ചെയ്തതും ജനം ടിവി ആണ്.
തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ സമാധാനപരമായ തീര്‍ത്ഥാടന കാലത്തെ അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല വിഷയം ഉയർത്തി കേരളത്തിലെ സമാധാനം തകർക്കുകയണ് ബിജെപിയുടെ ലക്ഷ്യമെന്നും അതിനാൽ ഇക്കൂട്ടർ തൃപ്തിയെ ആയുധമാക്കുകയാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു.