ചപ്പുചവറുകൾ പെറുക്കി ചവറ്റുകൊട്ടയിലിട്ട് കാട്ടാന, വീഡിയോ വൈറൽ !
വ്യാഴം, 21 നവംബര്‍ 2019 (20:28 IST)
പ്രകൃതിയെ സംരക്ഷിക്കണം എന്ന പാഠം നമ്മൾ മനുഷ്യർ പൂർണമായും ഉൾക്കൊണ്ടിട്ടില്ല. എന്നാൽ അത് ഒരു കാട്ടാന തിരിച്ചറിഞ്ഞിരിക്കുന്നു. വീടിനു ചുറ്റും പരന്ന് കിടന്നിരുന്ന ചപ്പ് ചവറുകൾ പെറുക്കി ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുന്ന ആഫ്രിക്കൻ കാട്ടാനയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ആളുകളുടെ മനം കവർന്നിരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് 2015ൽ പുറത്തിറങ്ങിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം എവിടെയാണ് എന്നത് വ്യക്തമല്ല. ഒരു ആഫ്രിക്കൻ ആനയാണ് വീഡിയോയിൽ ഉള്ളത്. വീടിന് ചുറ്റും കിടക്കുന്ന ചപ്പു ചവറുകൾ തുമ്പിക്കൈ ഉപയോഗിച്ച് പെറുക്കി ആന വെയിസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കുന്നത് വിഡിയോയിൽ കാണാം.
മുൻ കാലുകളുടെ കൂടി സഹായത്തോടെയാണ് ആന ചവറുകൾ പെറുക്കിയെടുക്കുന്നത്. ഇവ തുമ്പിക്കൈയിൽനിന്നും താഴെപോയിട്ടും തിരികെ എടുത്ത് ചവറ്റുകൊട്ടയിൽ നിക്ഷേപിക്കാനുള്ള ക്ഷമ കാട്ടാന കാണിക്കുന്നുണ്ട്. നമുക്ക് ഇത്ര ക്ഷമയുണ്ടോ എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ഈ വീഡിയോ ഒരുക്കുന്നത്.