‘അവരുടെ ലക്ഷ്യം മമ്മൂക്ക ആയിരുന്നു, ഞാനടക്കമുള്ളവർ മമ്മുക്കയ്ക്ക് ചുറ്റും മനുഷ്യ വലയം തീര്‍ത്തു‘ - ആഷിഖ് അബു
ശനി, 30 ജൂണ്‍ 2018 (09:46 IST)
അക്രമത്തിന് ഇരയായ നടിക്കൊപ്പമാണെന്ന്എ എംഎംഎ വിഷയത്തില്‍ ഫെഫ്ക മൗനം വെടിഞ്ഞതില്‍ സന്തോഷമെന്ന് സംവിധായകന്‍ ആഷിക് അബു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്ക്കയുടെ മൗനത്തെയാണ് താന്‍ വിമര്‍ശിച്ചത്.
നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാമെന്നും ആഷിഖ് അബു തന്റെ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. എനിക്കുള്ള വിമര്‍ശനം ആയിട്ടാണെങ്കില്‍ പോലും മൗനം വെടിഞ്ഞത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇരക്കൊപ്പം തന്നെയാണെന്ന് ആര്‍ക്കും സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളുമെന്ന് അദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പ്രിയ ഫെഫ്ക ഭാരവാഹികളേ,
തുറന്ന കത്തിനുള്ള മറുപടി.
യൂണിയന്റെ വേദി നിങ്ങള്‍ തന്നില്ല എന്ന് എന്റെ വരികളില്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സംഘടനക്ക് പേരുദോഷമുണ്ടാക്കിയെന്ന് കാണിച്ചു വിശദീകരണം ചോദിക്കുകയും അതിന് ഞാന്‍ മറുപടി തരാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഒരംഗം എന്ന നിലയില്‍ ഞാന്‍ ആ വേദി ഉപയോഗിക്കുന്നതിലെ ഒചിത്യം കണക്കിലെടുത്താണ് അങ്ങനെ എഴുതിയത്. ഇപ്പോഴും ആ വേദി എനിക്ക് വേണ്ടി തുറന്നുവെച്ചിട്ടുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
2009 ല്‍ ഡാഡികൂള്‍ എന്ന എന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ ഉണ്ടായ സംഭവങ്ങളുടെ ഫെഫ്ക വിശദീകരണത്തിലെ പിശക് ചൂണ്ടികാണിക്കട്ടെ. സിനിമാ സംഘടനകള്‍ ചേരിതിരിഞ്ഞു പോരാടുന്ന ( മാക്ട ഫെഡറേഷന്‍ – ‘അമ്മ – ഫെഫ്ക ) കാലയളവിലാണ് ഒരു സഹ സംവിധായകനായിരുന്ന ഞാന്‍ ആദ്യ സിനിമ ചെയ്യുന്നത്. ചേര്‍ത്തല തണ്ണീര്‍മുക്കം ബണ്ടില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കേ (മാക്ട ഫെഡറേഷന്‍ ) ആണെന്ന് തോന്നുന്നു ശ്രി ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ ഒരു പ്രകടനം ഷൂട്ടിംഗ് തടസപ്പെടുത്തികൊണ്ട് പൊടുന്നനെ അങ്ങോട്ടെത്തുന്നു, മമ്മുക്ക സെറ്റില്‍ ഉള്ളതുകൊണ്ടാണ് അവരങ്ങോട്ടെത്തിയത്, അല്ലാതെ ആഷിഖ് അബു എന്നയാള്‍ അന്ന് ഒരു സഹ സംവിധായകന്‍ മാത്രമാണ്. പ്രകടനം നയിച്ചവരുടെ ലക്ഷ്യം മമ്മുക്കയാണെന്ന് തിരിച്ചറിഞ്ഞ ഞങളുടെ സെറ്റിലെ ഞാനടക്കം എല്ലാവരും മമ്മുക്കക് ചുറ്റും മനുഷ്യ വലയം തീര്‍ത്തു. അന്ന് ബൈജു കൊട്ടാരക്കരക്ക് ഞാന്‍ ആരാണെന്നു പോലും അറിയാന്‍ സാധ്യതയില്ല. അവരുടെ ലക്ഷ്യം ആഷിഖ് അബു ആയിരുന്നോ എന്ന് ബൈജു കൊട്ടാരക്കര പറയട്ടെ. എങ്കില്‍ നിങ്ങളുടെ വാദം ഞാന്‍ അംഗീകരിക്കുകയും, സംഘടനയുടെ സംരക്ഷണം സ്വീകരിച്ചു എന്ന സമ്മതിക്കുകയും ചെയ്യാം. അങ്ങനെ ഒരു പ്രകടനം സെറ്റിലേക്ക് വന്നതിന് ശേഷമാണ് ഞങ്ങള്‍ എല്ലാവരും അവരെ കാണുന്നത്. മുന്‍കൂട്ടി സുരക്ഷ ഒരുക്കാന്‍ പറ്റാതിരുന്നതും അതുകൊണ്ടാണ്. പിന്നീട് പോലീസെത്തിയാണ് സെറ്റില്‍ സംരക്ഷണം ഒരുക്കിയത്.
രണ്ടാമത്തെ ചിത്രം സാള്‍ട് ആന്‍ഡ് പെപ്പറിന്റെ അന്യഭാഷാ നിര്‍മാണ അവകാശങ്ങള്‍ വിറ്റ പണം മുഴുവന്‍ ആ സിനിമയുടെ നിര്‍മാതാവ് കൈക്കലാക്കുകയും, നിയമപരമായി സംവിധായകനും എഴുത്തുകാര്‍ക്കും കിട്ടേണ്ട വിഹിതം കിട്ടാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഞാനും ആ സിനിമയുടെ തിരക്കഥകൃത്തുക്കളായ ശ്യാം പുഷ്‌കരനും ദിലീഷ് നായരും ഫെഫ്കയില്‍ പരാതി നല്‍കുന്നു. ഇതേ നിര്മാതാവിന്റ അടുത്ത ചിത്രം റിലീസിന് തയ്യാറാകുന്ന സമയതാണ് ഞങ്ങള്‍ പരാതി നല്‍കിയത്. ആ ചിത്രം ഇറങ്ങുന്ന അവസരത്തില്‍ പണം കിട്ടാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. പരാതി സ്വീകരിക്കുകയും പ്രശ്നത്തില്‍ അന്നത്തെ ഫെക്ഫാ ഡിറക്ടര്‍സ് യൂണിയന്‍ ഭാരവാഹികള്‍ ഇടപെടുകയും ചെയ്തു. പണമിടപാട് തീര്‍ക്കാതെ, പരാതി പൂര്‍ണമായും പരിഹരിക്കാതെ ആ നിര്‍മാതാവിന്റെ തന്നെ മറ്റൊരു പടം പുറത്തിറക്കാന്‍ സിനിമ സംഘടനക ക്ലീറെന്‍സ് കൊടുക്കാറില്ല. മണ്മറഞ്ഞ മഹാനായ ഒരു ചലച്ചിത്രകാരന്റെ മകന്‍ സംവിധാനം നിര്‍വഹിച്ച സിനിമയായിരുന്നു അത്. കുറച്ചു പണം റിലീസിന് മുന്‍പും ബാക്കി റിലീസിന് ശേഷവും തരാമെന്ന നിര്‍മാതാവിന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശം ശ്രി സിബി മലയില്‍ ഞങ്ങളോട് പറയുകയും, നമ്മുടെ സുഹൃത്തിന്റെ സിനിമ തടസം കൂടാതെ റിലീസ് ചെയ്യാനും ഫെഫ്ക മുന്നോട്ടു വെച്ച ധാരണ പൂര്‍ണ മനസോടെ ഞങ്ങള്‍ അംഗീകരിച്ചു. പടം റിലീസായി. പിന്നീടൊരുപാട് കാലം പണം കിട്ടാനായി നടന്നു. എനിക്ക് കിട്ടാനുള്ള തുകയുടെ പകുതിയും ശ്യാമിനും ദിലീഷിനും ഏകദേശം മുഴുവനായും പണം കിട്ടിയ പുറകെ തന്നെ ഫെഫ്കയുടെ ഓഫീസില്‍ നിന്ന് ദിവസവും വിളി വരും. സംഘടന ഇടപെട്ട് കിട്ടിയ തുകയുടെ 20 ശതമാനം ഫെഫ്കയില്‍ അടക്കണമെന്നായിരുന്നു ആവശ്യം. അത് അന്യായമാണെന്ന് ഞാന്‍ പലയാവര്‍ത്തി അവരോടു പറഞ്ഞു. മാക്ട, മാക്ട ഫെഡറേഷന്‍, ഫെഫ്ക എന്നിങ്ങനെ മലയാള സിനിമയുടെ പ്രധാന സംഘടനകളില്‍ സഹ സംവിധായകന്‍ ആയ കാലം മുതല്‍ ഞാന്‍ അംഗമാണ്. വരി സംഖ്യയും ലെവിയും മുടക്കിയിട്ടില്ല എന്നാണ് ഓര്മ. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സജീവ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലും പങ്കാളിയായിട്ടുണ്ട്. തൊഴില്‍പരമായ വിഷയങ്ങളില്‍ ഇടപെടുന്ന, വരി സംഖ്യയും ലെവിയും അടക്കുന്ന സ്വന്തം സംഘടന 20 ശതമാനം സര്‍വീസ് ചാര്‍ജ് ചോദിച്ചത് ഞെട്ടലുണ്ടാക്കി, എന്നിട്ടും ഞങ്ങള്‍ മുഴുവന്‍ തുക കിട്ടുന്നത് വരെ കാത്തിരുന്നു. മുഴുവന്‍ തുകയും കിട്ടിയ മുറക്ക് ശ്യാമും ദിലീഷും 20 ശതമാനം തുക ഫെഫ്കയില്‍ അടച്ചു. എനിക്ക് മുഴുവന്‍ പണം കിട്ടിയില്ല ( ഇപ്പോഴും ). എന്നാല്‍ പിന്നെ കിട്ടിയ അത്രെയും തുകയുടെ 20 അടക്കണം എന്ന് പറഞ്ഞു ഫെഫ്കയിലെ ഓഫീസില്‍ നിന്ന് സ്ഥിരം വിളികള്‍ വന്നുകൊണ്ടിരുന്നു. സഹികെട്ട് ഞാന്‍ പ്രതികരിച്ചു, ശ്രി ബി ഉണ്ണിക്കൃഷ്ണനുമായും ശ്രി സിബി മലയിലുമായും ഫോണില്‍ കലഹിച്ചു. അവസാനം ഗതികെട്ട് ഞാന്‍ കിട്ടിയ അത്രെയും തുകയില്‍ ഫെഫ്കയുടെ വിഹിതം ചെക്കായി എഴുതി ഫെഫ്ക ഓഫീസില്‍ കൊടുത്തുവിട്ടു. എന്നാല്‍ ഞാന്‍ ധിക്കാരപരമായി പെരുമാറിയെന്ന് പറഞ്ഞുപിണങ്ങി ഫെഫ്ക ചെക്ക് മേടിച്ചില്ല. അകല്‍ച്ച അവിടെ തുടങ്ങി. പിന്നീട് കമല്‍ സര്‍ ഭാരവാഹിയാകുന്ന സമിതിയില്‍ പുതിയ തലമുറയുടെ പ്രാതിനിധ്യം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി ഞാന്‍ നിര്‍വാഹാക സമിതിയില്‍ അംഗമായി. നിര്‍വാഹക സമിതിയുടെ 3 യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവിടെ എനിക്ക് തുടരാന്‍ വ്യക്തിപരമായി തോന്നിയില്ല. ഒഴിഞ്ഞു നില്‍ക്കുകയാണ് പിനീട് ചെയ്തത്. ഫെഫ്കയുടെ സജീവ പ്രവര്‍ത്തകനാകാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.
വിയോജിപ്പുകള്‍ പലതുണ്ടെങ്കിലും ഫെഫ്ക നേതൃത്വവുമായും അംഗങ്ങളുമായും വ്യക്തിപരമായി നല്ല ബന്ധം തന്നെ സൂക്ഷിച്ചുപോന്നു. പല കാര്യങ്ങളിലും ശ്രി ബി ഉണ്ണിക്കൃഷ്ണനുമായി സംസാരിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഒരു സഹപ്രവര്‍ത്തകയുടെ ചികിത്സാ ചിലവിന്റെ കാര്യത്തില്‍ സഹായം ചെയ്യണമെന്ന് പറയാനും സംസാരിച്ചു. ശ്രി ബി ഉണ്ണികൃഷ്ണന്‍ ആശുപത്രിയില്‍ പോകുകയും കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. അതെല്ലാം നല്ല കാര്യങ്ങള്‍ എന്നുതന്നെ ശ്രി ഉണ്ണികൃഷ്ണനോട് പറഞ്ഞിട്ടുമുണ്ട്.
പ്രശ്നം അതൊന്നുമല്ല. കഴിഞ്ഞ വര്ഷം നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് നേരെ നടന്ന, സമാനതകളില്ലാത്ത കുറ്റകൃത്യം സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. സ്ത്രീകള്‍ മുന്നോട്ടുവന്ന് സിനിമയില്‍ അവര്‍ക്ക് അരക്ഷിതാവസ്ഥയുണ്ടെന്ന് പറഞ്ഞു. സിനിമാ രംഗം സാംസ്‌കാരികമായി നവീകരിക്കപ്പെടണം എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും ഫെഫ്കയുടെ മൗനം അപാരമായിരുന്നു. നിങ്ങളുടെ മൗനത്തിന് ഈ സന്ദര്‍ഭത്തില്‍ പല അര്‍ഥങ്ങള്‍ വരാം.
എനിക്കുള്ള വിമര്‍ശനം ആയിട്ടാണെങ്കില്‍ പോലും മൗനം വെടിഞ്ഞത് സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇരക്കൊപ്പം തന്നെയാണെന്ന് ആര്‍ക്കും സംശയത്തിന് ഇടകൊടുക്കാതെ പ്രഖ്യാപിച്ചതിന് അഭിവാദ്യങ്ങളും ! തന്ത്രപരമായി നിങ്ങളയച്ച കത്ത് മറച്ചുവെച്ചു, വ്യാജവാദം എന്നൊക്കെ പറയുന്നതിന്റെ യുക്തി നിങ്ങളും പരിശോധിക്കുമല്ലോ.