ബോട്ടു കയറി ബിനാലെ പ്രദര്‍ശനങ്ങളുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലെത്തിയാല്‍ അവിടെയും നീണ്ട ക്യൂ. ഇക്കുറി ടിക്കറ്റെടുക്കാനുള്ളതാണ്. അവിടെ നിന്നും അകത്ത് കയറിയാല്‍ പ്രദര്‍ശനം കാണാനും ക്യൂ. സ്ലോവേനിയന്‍ കലാകാരന്‍ അലേഷ് ഷ്‌റ്റെയ്ഗറിന്റെ ചാണക പിരമിഡിനുള്ളില്‍ കയറാനാണ് തിരക്കു കൂടുതല്‍. ചാണകവരളികള്‍ കൊണ്ട് നിര്‍മ്മിച്ച പിരമിഡും അതിനുള്ളിലെ നിഗൂഢതയും കാണികളെ അത്ഭുതപ്പെടുത്തുകയാണ്.
ബിനാലെ പ്രദര്‍ശനങ്ങള്‍ ഒരാഴ്ച കടന്നപ്പോള്‍ വിവിധ വേദികള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം മുപ്പതിനായിരത്തോളം വരും. ഒരു ദിവസം ശരാശരി 300 പേര്‍ സന്ദര്‍ശകരായി എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതിലേറെപ്പേരും.