എ ടി എമ്മില്‍ കയറും മുമ്പ് ഇതൊന്നു വായിച്ചു നോക്കണേ...

വ്യാഴം, 11 ഓഗസ്റ്റ് 2016 (15:44 IST)
ഇക്കാലത്ത് ബാങ്ക് എ ടി എമ്മുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അപ്രതീക്ഷിതമായി ഒരു ദിവസം എടിഎമ്മുകളെല്ലാം നിശ്ചലമായാല്‍ തന്നെ കാര്യങ്ങളെല്ലാം താളംതെറ്റും. എന്നാല്‍ ഇത്രയും സൌകര്യങ്ങള്‍ ഉണ്ടെങ്കിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകളും തുടക്കം മുതല്‍ക്ക് തന്നെ ഉണ്ടായിരുന്നു. അത്തരം ബുദ്ധിമുട്ടുകള്‍ ഇപ്പോള്‍ കൂടുതലായി വരുന്നുയെന്നതാണ് വാസ്തവം.
 
പണത്തിന്‍റെ സുരക്ഷിതത്വം മാത്രമല്ല, പണം പിന്‍വലിക്കുന്നവരുടെ സുരക്ഷിതത്വം വരെ വിഷയമാവുകയാണ് ഇപ്പോള്‍. അതായത് എടീം കള്ളന്മാര്‍ കൂടിവരുന്നു എന്നതാണ് സത്യം. അതിവിദഗ്ധരായ മോഷ്ടാക്കളാണ് ഇത്തരം തട്ടിപ്പിനു പിറകിലുള്ളത്. മറ്റുള്ളവരുടെ പണം എങ്ങനെയും അടിച്ചെടുക്കാന്‍ തക്കം നോക്കിയിരിക്കുന്നവര്‍ വന്‍തുകകള്‍ കൈവശപ്പെടുത്താനുള്ള മാര്‍ഗമായി എടിഎമ്മുകളെ കാണുന്നു എന്നതാണു ഭീഷണി.
 
പലതരത്തിലുള്ള ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി, ലോകത്തെ അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇത്തരം സംഘങ്ങള്‍ എടിഎമ്മുകള്‍ കൊള്ളയടിക്കുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ക്യാമറകളുടെ നിരീക്ഷണവും അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ മുന്നറിയിപ്പു നല്‍കുന്ന ഇലക്ട്രോണിക്സ് നിരീക്ഷണവും വന്‍ കാവലും ഏര്‍പെടുത്തിയെങ്കിലും പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.
 
ഓരോ തവണയും തട്ടിപ്പു കണ്ടെത്തുന്ന സമയത്ത് അധികൃതര്‍ കാണിക്കുന്ന ജാഗ്രത പിന്നീടുണ്ടാകാറില്ല. ഇത് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്ക് അനുഗ്രഹമാകുകയും ചെയ്യും. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എല്ലാ എടിഎമ്മില്‍ നിരന്തരം പരിശോധന നടത്തേണ്ടത് ആവശ്യമാണ്. കൂടാതെ പണം പിന്‍‌വലിക്കാന്‍ കയറുമ്പോള്‍ തങ്ങള്‍ക്കൊപ്പം മറ്റാരും അകത്തു കടക്കുന്നില്ലെന്ന് ഉപയോക്താക്കള്‍ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.
 
അതുപോലെ കാര്‍ഡ് ഉപയോഗിച്ചു മാത്രം വാതില്‍ തുറക്കാവുന്ന സംവിധാനം എല്ലാ എടിഎമ്മുകളിലും നിര്‍ബന്ധമാക്കേണ്ടത് അത്യാവശ്യമാണ്. ഇതുമൂലം തട്ടിപ്പുകാര്‍ക്ക് എടിഎമ്മിനകത്ത് തട്ടിപ്പിനായുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ അവസരം കിട്ടില്ല. ഉപയോക്താക്കള്‍ എ ടി എമ്മിൽ നിന്ന് പണമെടുക്കാൻ മറ്റൊരാളെ അയക്കാതിരിക്കുന്നത് വളരെ നല്ല കാര്യമാണ്.
 
ബാങ്കുകൾ നൽകുന്ന കാർഡുകൾ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍‌തന്നെ ബാങ്കുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട കാര്‍ഡ് ബ്ലോക് ചെയ്യേണ്ടതാണ്. പുതിയ കാര്‍ഡില്‍ ബാങ്കു നൽകുന്ന രഹസ്യസംഖ്യ എത്രയും പെട്ടെന്ന് മാറ്റണം. മാറ്റിയ സംഖ്യ ഒരു കാരണവശാലും കാര്‍ഡിലോ അതിന്റെ കവറിലോ എഴുതിവക്കരുത്.
 
ആരെങ്കിലും നിങളെ ബലമായി പിടിച്ച് വച്ച് പണം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന രഹസ്യസംഖ്യ തലതിരിച്ച് രേഖപ്പെടുത്തുക. അതായത് നിങ്ങളുടെ രഹസ്യ സംഖ്യ 1234 ആണെങ്കില്‍ മോഷ്ടാവിന്റെ മുന്നില്‍ വച്ച് ആ സംഖ്യ 4321 എന്ന് രേഖപ്പെടുത്തുക. ഇതുമൂലം പണം നഷ്ടപ്പെടുകയില്ല എന്നു മാത്രമല്ല ബാങ്ക്, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥലത്തേക്ക് അപകട സന്ദേശം എത്തുകയും ചെയ്യും. ഇതുമൂലം മോഷ്ടാവിനെ പിടികൂടാന്‍ സാധിക്കുകയും ചെയ്യും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക