ഇറാഖിലെ ആഭ്യന്തര യുദ്ധം സീമകള്‍ ലംഘിച്ച് മുന്നേറുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിന്റെ പാതകള്‍ തേടിപ്പോകുന്നു. മോഡി തരംഗമുയര്‍ത്തിയ ആവേശത്തില്‍ കുതിച്ചുയര്‍ന്ന് റെക്കോര്‍ഡുകള്‍ പഴംകഥയാക്കി മുന്നേറിയ ഇന്ത്യന്‍ സൂചികകള്‍ക്ക് നഷ്‌ടത്തിലേക്ക് വഴി ചൂണ്ടിക്കാണിച്ചത് ഇറാഖാണ്.
എണ്ണ ഇറക്കുമതിയില്‍ ഏറെ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. എണ്ണ ഉത്പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്താനത്തുള്ള ഇറാഖിലെ ആഭ്യന്തര യുദ്ധം ഇന്ത്യയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടീക്കുന്നത്. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുത്തനേ ഉയരുന്നതാണ് ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നത്.
ഇറാഖിലെ പ്രതിസന്ധി എണ്ണ വിതരണം കുറയ്‌ക്കുകയും വില കൂട്ടുകയും ചെയ്യുന്നതോടെ, കേന്ദ്ര സര്‍ക്കാരിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധിക്കുമെന്ന വിലയിരുത്തലുകളാണ് നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തുന്നത്. ക്രൂഡ് ഓയില്‍ വില കൂടുന്നത് രൂപയുടെ മൂല്യം തകരാനും നാണയപ്പെരുപ്പം ഉയരാനും വഴിതെളിക്കും.
സെന്‍സെര്‍ക്‌സ് 25,105ലും നിഫ്‌റ്റി 7,511ലുമാണ് കഴിഞ്ഞവാരം വ്യാപാരം പൂര്‍ത്തിയാക്കിയത്. നഷ്‌ടത്തോടെയായിരുന്നു കഴിഞ്ഞ വാരത്തോട് സൂചികകള്‍ വിടപറഞ്ഞത്. ജൂണിലെ അവധി വ്യാപാര കരാറുകള്‍ ഈവാരം അവസാനിക്കുമെന്നതും ഈവാരം ഓഹരി വിപണിയുടെ ഗതി നിശ്‌ചയിക്കും. നിക്ഷേപകര്‍ ലാഭമെടുക്കാനുള്ള സാദ്ധ്യതയാണ് ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമാകുക.