സംസ്ഥാനത്ത് ഖാദി ഉത്പ്പന്നങ്ങളുടെ വിപണനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105 കോടി രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി സഹകരണ വകുപ്പ് മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഭരണസമിതി യോഗം വിലയിരുത്തി.
ഖാദി ഉത്പാദനത്തില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായി. അടുത്ത വര്‍ഷം 125 കോടി രൂപയുടേതായി വിപണനം വര്‍ദ്ധിക്കുമെന്ന് സമിതി യോഗം വിലയിരുത്തി.
ഖാദി ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരമായി നല്‍കി വരുന്ന 10 ശതമാനം റിബേറ്റിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ വര്‍ഷം മുഴുവന്‍ അനുവദിക്കുന്ന 10 ശതമാനം റിബേറ്റിനും 108 ദിവസങ്ങളിലെ ഉത്സവകാലത്ത് പ്രത്യേകമായി അനുവദിക്കുന്ന 10 ശതമാനം റിബേറ്റിനും കൂടി കഴിഞ്ഞ വര്‍ഷം അനുവദിച്ച 15 കോടി രൂപ, നടപ്പു വര്‍ഷം 21.6 കോടിയായി വര്‍ദ്ധിപ്പിക്കും.
ഗോപിനാഥന്‍നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഖാദി മേഖലയുടെ നവീകരണത്തിനായി സര്‍ക്കാര്‍ ആദ്യഘട്ടമായി അനുവദിച്ച 29.46 കോടി രൂപയുടെ പദ്ധതികളില്‍ നടപ്പുവര്‍ഷം 14.25 കോടി രൂപ കൂടി അനുവദിക്കും. ഖാദി തൊഴിലാളികള്‍ക്കുള്ള ഇന്‍കം സപ്പോര്‍ട്ടു സ്‌കീമില്‍ നടപ്പു വര്‍ഷം 22 കോടി രൂപ അനുവദിക്കും. സി.ബി.സി. പദ്ധതിയിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2015 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും യോഗം തീരുമാനിച്ചു.
പയ്യന്നൂരില്‍ സ്ഥാപിക്കുന്ന ഖാദി മ്യൂസിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 26 ലക്ഷം രൂപ അനുവദിച്ചു. ഖാദി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പുവര്‍ഷം 13.48 കോടി രൂപ പദ്ധതിയിനത്തിലും അനുവദിച്ചു. ഖാദി തൊഴിലാളികള്‍ക്ക് യഥാസമയം മിനിമം വേതനം നല്‍കുന്നതിന് 10 കോടി രൂപ കേരള ഖാദി തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും താത്ക്കാലികമായി വായ്‌പെടുക്കുന്നതിനും ഖാദി ബോര്‍ഡിനെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനും യോഗം തീരുമാനിച്ചതായും സഹകരണവകുപ്പു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.