ശമ്പളം കൂട്ടി, സ്ഥാനക്കയറ്റം നല്‍കി എന്നിട്ടും ഇന്‍ഫോസിസില്‍ കൊഴിഞ്ഞുപോക്ക്

ശനി, 9 ഓഗസ്റ്റ് 2014 (10:29 IST)
കൊഴിഞ്ഞുപോക്ക് പിടിച്ചുനിര്‍ത്തുന്നതിനായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഇത്തവണ 5,000-ത്തോളം ജീവനക്കാര്‍ക്ക് ഒറ്റയടിക്ക സ്ഥാനക്കയറ്റം നല്‍കി പരീക്ഷിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. സ്ഥാനക്കയറ്റം കിട്ടിയവരെങ്കിലും സ്ഥാപനം വിട്ടുപോകാതിരിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

സോഫ്‌റ്റ്വെയര്‍ പ്രോഗ്രാമര്‍ മുതല്‍ മുകളിലേക്കുള്ള എല്‍3, എല്‍4, എല്‍5 പ്രൊഫഷണലുകള്‍ക്കാണ് സ്ഥാനക്കയറ്റം പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശാല്‍ സിക്ക സ്ഥാനമേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. ഇതോടെ ഈ വര്‍ഷം പ്രൊമോഷന്‍ ലഭിച്ചവരുടെ എണ്ണം 15,000 കടന്നു. ഫിബ്രവരിയില്‍ 10,000 പേര്‍ക്ക് പ്രൊമോഷന്‍ നല്‍കിയിരുന്നു.

കമ്പനിയുടെ 33 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ പാദത്തില്‍ 19.5 ശതമാനം ജീവനക്കാര്‍ ജോലി രാജിവച്ചിരുന്നു. ഇനിയും ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കുന്നതിനാണ് കമ്പനി ഇപ്പോള്‍ സ്ഥാനകയറ്റം നല്‍കി ജീവനക്കാരുടെ മനസിനേ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

മറ്റൊരു പ്രമുഖ ഐടി കമ്പനിയായ കോഗ്നിസന്റും കൊഴിഞ്ഞുപോക്ക് തടയാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇരട്ടയക്ക ശമ്പളവര്‍ധന നല്‍കുമെന്നാണ് കോഗ്നിസന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ പാദത്തില്‍ 16.9 ശതമാനമായിരുന്നു കോഗ്നിസന്റിലെ കൊഴിഞ്ഞുപോക്ക്.

വെബ്ദുനിയ വായിക്കുക