റയില്‍വേ: തത്കാല്‍ ടിക്കറ്റിലൂടെ 1298 കോടി വരുമാനം

തിങ്കള്‍, 14 ജൂലൈ 2014 (17:46 IST)
'തത്കാല്‍'  ടിക്കറ്റ് വഴിയുള്ള ഇന്ത്യന്‍ റയില്‍വേയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1298 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ റയില്‍വേയുടെ വരുമാനം വര്‍ഷം തോറും വന്‍ വര്‍ദ്ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.

2007-08 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തിലുള്ള വരുമാനം 396 കോടി രൂപയായിരുന്നു എങ്കില്‍ 2008-09ല്‍ ഇത് 605 കോടി രൂപയിലേക്ക് ഉയര്‍ന്നു. ക്രമത്തില്‍ ഇത് വര്‍ദ്ധിച്ച് 2012-13 ല്‍ 994 കോടി രൂപയിലെത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റയില്‍വേയുടെ മൊത്തം വരുമാനം 1,40,485 കോടി രൂപയായിരുന്നതില്‍ യാത്രക്കൂലി ഇനത്തിലുള്ള വരുമാനം 37,478 കോടി രൂപയായിരുന്നു. ഇതിലാണ്‌ തത്കാലിലൂടെയുള്ള 1298 കോടി രൂപയും ഉള്‍പ്പെടുന്നത്.

സ്ലീപ്പര്‍ ക്ലാസുകളിലെ 30 ശതമാനം സീറ്റുകള്‍ തത്കാല്‍ സീറ്റുകളായി നീക്കിവച്ചിരിക്കുമ്പോള്‍ എക്സിക്യൂട്ടീവ് ക്ലാസുകളിലെ ഓരോ കോച്ചിലും അഞ്ച് സീറ്റുകള്‍ വീതമാണ്‌ ഇത്തരത്തില്‍ നീക്കിവച്ചിരിക്കുന്നത്. അതേ സമയം സെക്കന്‍ഡ് എ.സി യില്‍ ഓരോ കോച്ചിനും പത്ത് ബര്‍ത്തുകള്‍ വീതവും തേഡ് എസി യില്‍ ഓരോ കോച്ചിനും 16 ബര്‍ത്തുകള്‍ വീതവും തത്കാല്‍ ആയി നീക്കിവച്ചിട്ടുണ്ട്. ഇതിനൊപ്പം റിസര്‍വ്‍ഡ് സെക്കന്‍ഡ് സിട്ടിംഗില്‍ മൊത്തം സീറ്റിന്‍റെ പത്ത് ശതമാനമാണ്‌ ഇത്തരത്തില്‍ നീക്കിവച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക