നഷ്ടപ്രതാപം വീണ്ടെടുക്കാൻ സാംസങ്ങ് ഗാലക്സി നോട്ട് 8 വിപണിയിലേക്ക് !

ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (10:18 IST)
ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും പിന്‍‌വലിച്ച ഗാലക്‌സി നോട്ട് 7ന് പകരക്കാരനെത്തുന്നു. നോട്ട് 7നിലൂടെ നഷ്ടമായ പ്രതാപം തിരിച്ച് പിടിക്കുന്നതിനായി ഗാലക്സി നോട്ട് 8 എന്ന ഫ്ലാഗ്ഷിപ് സ്മാര്‍ട്ട്ഫോണുമായാണ് സാംസങ്ങ് എത്തുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റോടെ ഫോണ്‍ വിപണിയിലെത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
 
ചാര്‍ജ് ചെയ്യുന്നതിനിടെ ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചെന്നും മറ്റുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സാംസങ്ങിന്റെ ഓഹരികളില്‍ വന്‍ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഫോണ്‍ പിന്‍‌വലിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഉപോഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നതെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
 
പതിവിലും വലുപ്പമുള്ള സ്ക്രീനും ഉയര്‍ന്ന ബാറ്ററി കപാസിറ്റിയും ഗാലക്സി നോട്ട് 8ന് ഉണ്ടായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കൂടാതെ ഡ്യൂവല്‍ ക്യാമറയും 4കെ സ്ക്രീനുമായിരിക്കും ഫോണില്‍ ഉണ്ടാകുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്. വില സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പൂറത്തുവിട്ടിട്ടില്ല.

വെബ്ദുനിയ വായിക്കുക