ഫ്രാന്‍സിനും ക്വാര്‍ട്ടര്‍ ബര്‍ത്ത്

ചൊവ്വ, 1 ജൂലൈ 2014 (09:53 IST)
ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ ഫ്രാന്‍സിന് ജയം. ജയത്തോടെ ഫ്രാന്‍സ് ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നൈജീരിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയാണ് ഫ്രഞ്ചുപട ക്വാര്‍ട്ടറിലത്തെിയത്. 79മത് മിനിറ്റില്‍ പോള്‍ പോഗ്ബയും ഇഞ്ച്വറി സമയത്ത് അന്‍റോയിന്‍ ഗ്രിസ്മാനുമാണ് ഗോളുകള്‍ നേടിയത്.

നൈജീരിയയുടെതായിരുന്നു ആദ്യ മുന്നേറ്റം. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം പതിയെ കളിയിലേക്കുണര്‍ന്ന ഫ്രാന്‍സ് ഉണര്‍ന്ന് കളിച്ചതോടെ കളിയുണര്‍ന്നു. ഇരു ടീമികളും ആക്രമിച്ചും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ഗോള്‍ മാത്രം അകന്നു നില്‍ക്കുകയായിരുന്നു.

ഗോളില്ലാതെ കളി മുന്നേറുന്നതിനിടെ നിര്‍ണായക ഗോള്‍ പിറന്നു. ഈ ലോകകപ്പിലെ ശ്രദ്ധേയനായ മിഡ്ഫീല്‍ഡറായ പോഗ്ബയാണ് വലകുലുക്കിയത്. നൈജീരിയന്‍ ഗോളി എന്‍യേമ തട്ടിയിട്ട പന്തില്‍ തലവെച്ചാണ് പോഗ്ബ ലീഡ് നേടിയത്.

പിന്നീട് ബെന്‍സേമയുടെ പാസില്‍നിന്നായിരുന്നു ഗ്രിസ്മാന്റെ ഗോള്‍. തകര്‍പ്പന്‍ ഫോമിലായിരുന്ന എന്‍യേമയുടെ പിഴവില്‍ ഒടുവില്‍ നൈജീരിയക്ക് ലോകകപ്പില്‍ നിന്ന് മടക്കം.

വെബ്ദുനിയ വായിക്കുക