അമിതമായ തോതില്‍ സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക...നിങ്ങള്‍ക്കും പൊണ്ണത്തടി വരാം!

വ്യാഴം, 5 മെയ് 2016 (16:12 IST)
ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ അതായത് സോപ്പ് നെയില്‍ പോളീഷ് തുടങ്ങിയവ, ശരീരവണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനും മറ്റും ഉറപ്പ് നല്‍കുന്നതിനായി ഉപയോഗിക്കുന്ന താലേറ്റ്  വിഭാഗത്തില്‍പ്പെടുന്ന ചില രാസവസ്തുക്കള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സോപ്പിലും നെയില്‍ പോളിഷിലും ഉപയോഗിക്കുന്ന ഇവ പൊണ്ണത്തടിക്ക് കാരണമാകുന്നതിനു പുറമേ മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 
 
നിലവില്‍ ലോകം നേരിടുന്ന വലിയൊരു ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. ഇതിന് പിന്നില്‍ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗവും കാരണമായിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. ഉയര്‍ന്ന അളവില്‍ ഇവ ശരീരത്തിലെത്തുന്നത് പ്രത്യുല്‍പ്പാദനപരമായ അസുഖങ്ങള്‍ക്കുപോലും കാരണമാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ അളവിലാണ് ഇവ ഉപയോഗിക്കുന്നതെങ്കില്‍ പോലും ദീര്‍ഘനാളത്തെ ഇവയുടെ ഉപയോഗവും സമാനമായ പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
 
മനുഷ്യ ശരീരസ്രവങ്ങളില്‍ താലേറ്റിന്റെ അംശം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു ഈ വിഭാഗത്തില്‍പ്പെടുന്ന ബെന്‍സൈല്‍ ബ്യൂട്ടൈല്‍ താലേറ്റ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയത്. വ്യത്യസ്തമായ അളവില്‍ ഈ രാസവസ്തുക്കള്‍ എലികളുടെ ശരീരത്തില്‍ നല്‍കിയാണ് ആദ്യമായി പരീക്ഷണം നടത്തിയത്. ശരീര കോശങ്ങളില്‍ കൂടിയ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായാണ് ഈ പഠനത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. 
 
(കടപ്പാട് : പ്രമുഖ ശാസ്‌ത്ര ജേണല്‍ ടോക്‌സിസിറ്റി ഇന്‍ വിട്രോ)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക