മനുഷ്യര്‍ക്ക് മാത്രമായി ദൈവം നല്‍കിയിട്ടുള്ള ഒരു പ്രത്യേക കഴിവാണ് പ്രണയിക്കുക എന്നത്. മറ്റുള്ള എല്ലാ ജീവികളും പ്രത്യുത്പാദനത്തിനു വേണ്ടി മാത്രം ഇണയെ കണ്ടെത്തുമ്പോള്‍ മനുഷ്യന് അവന്‍/അവള്‍ കണ്ടെത്തുന്ന ഇണ പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ ജീവിതത്തില്‍ ഒരുതവണയെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവര്‍ വിരളമായിരിക്കും.
പ്രണയം തോന്നുക എന്നതല്ല, ആ പ്രണയം നിലനിര്‍ത്തുക എന്നതും വിവാഹ ജീവിതത്തില്‍ എത്തിക്കുകയെന്നതുമാണ് പ്രധാനം. പല കാരണങ്ങള്‍ കൊണ്ടായിരിക്കാം നമുക്ക് ഒരു വ്യക്തിയോട് പ്രണയം തോന്നുന്നത്. ചിലപ്പോള്‍ അത് ബാഹ്യ സൗന്ദര്യം കൊണ്ടോ മറ്റു ചിലപ്പോള്‍ സ്വഭാവ സവിശേഷതകള്‍ കൊണ്ടോ ആയിരിക്കും അത്.
പ്രണയം നിലനിര്‍ത്തനമെങ്കില്‍ പരസ്പര വിശ്വാസം, സ്‌നേഹം പരസ്പര ധാരണ എന്നിങ്ങനെയുള്ള ഒരുപാടു ഘടകങ്ങള്‍ ആവശ്യമാണ്. ഇത്തരത്തിലല്ലാതെ കേവലം ബാഹ്യമായ ആകര്‍ഷണത്തില്‍ ആരംഭിക്കുന്ന എല്ലാ പ്രണയങ്ങളും പരാജയപ്പെടുകതന്നെ ചെയ്യും. ഇത്തരത്തില്‍ പ്രണയ പരാജയം നേരിട്ടാല്‍ അതോടെ തങ്ങളുടെ ജീവിതം വഴിമുട്ടിയെന്നും അത് ജീവിതത്തിന്റെ അവസാനമാണെന്നും കരുതുന്നതില്‍ ഒരുകാര്യവുമില്ല.
പ്രണയപരാജയത്തെ പോസിറ്റീവായി മാത്രമേ കാണാന്‍ പാടുള്ളൂ. മറ്റൊരു നല്ല ജീവിതത്തിലേക്ക് കടക്കുന്നതിനു മുമ്പായി തെറ്റുകള്‍ തിരുത്തുന്നതിനും സ്വഭാവത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നതിനുമുള്ള അവസരമായി വേണം അതിനെ കാണേണ്ടത്. പ്രണയം കൊണ്ട് മാത്രം ഒരു ബന്ധവും നിലനില്‍ക്കില്ലെന്നും ജീവിത സാഹചര്യങ്ങള്‍ക്കും സ്വഭാവ സവിശേഷതകള്‍ക്കും അനുസരിച്ചുള്ള പങ്കാളിയാണ് നമുക്ക് വേണ്ടത് എന്നും മനസിലാക്കുക.
ജീവിതത്തെ കൂടുതല്‍ വിശാലമായി കാണുന്നതിനുള്ള അവസരമാണ് ഓരോ പ്രണയപരാജയവും നല്‍കുക. ഒരിക്കലും മറ്റൊരാളുടെ നിര്‍ബന്ധബുദ്ധിക്ക് വഴങ്ങി ജീവിതം ഹോമിക്കേണ്ടവരല്ല നാം എന്ന തിരിച്ചറിവാണ് വേണ്ടത്. അതുപോലെ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം നിലക്ക് നിന്ന് സ്വന്തം കാര്യങ്ങള്‍ നേടുവാനും അതിനായി പരിശ്രമിക്കുവാനുമുള്ള ഊര്‍ജവും പ്രണയ പരാജയത്തിലൂടെ ലഭിക്കും.
പ്രണയ പരാജയം നേരിട്ടവര്‍ നേട്ടങ്ങളെ കൂടെ നിര്‍ത്തി ജീവിതയാത്ര പൂര്‍ത്തിയാക്കുവാന്‍ സ്വയം സജ്ജരാകുകയാണ് വേണ്ടത്. മാത്രമല്ല സൗഹൃദങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയും വേണം. സുഖങ്ങളും ദുഖങ്ങളും ഒരു പോലെ പങ്കുവയ്ക്കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഉണ്ടാകുക എന്നതും വിജയത്തിന്റെ മുന്നോടിയായി കാണണം. നല്ല സൗഹൃദങ്ങള്‍ മനസ്സിനെ ശക്തിപ്പെടുത്തി വിജയത്തിലേക്ക് അടുപ്പിക്കുമെന്ന കാര്യം മറക്കാതിരിക്കുക.