അത്ഭുതപ്പെടുത്തി വിപണിയിലെത്തുകയും പൊട്ടിത്തെറിച്ച് മടങ്ങുകയും ചെയ്ത സാംസങ് ഗാലക്‌സി നോട്ട് 7 !

വ്യാഴം, 22 ഡിസം‌ബര്‍ 2016 (14:17 IST)
ഒരുപാടു പ്രതീക്ഷകളുമായാണ് സാംസങ്ങിന്റെ ഫാബ്ലറ്റ് ഫ്ലാഗ്‌ഷിപ് മോഡല്‍ ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തിയത്. ഐറിസ് സ്‌കാനറും ബയോമെട്രിക് ലോക്കും ന്യൂ എസ് പെന്നുമൊക്കെയായിട്ടായിരുന്നു ഫോണിന്റെ വരവ്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലില്‍ 4 ജിബി റാം, 64 ജിബി, 128 ജിബി, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് വകഭേദങ്ങളുമുണ്ടായിരുന്നു.
 
12 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 3,600 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ബ്ലാക് ഒണിക്‌സ്, സില്‍വര്‍, ടൈറ്റാനിയം, ബ്ലൂ കോറല്‍ എന്നീ നിറങ്ങളില്‍ വിപണിയിലെത്തിയ ഫോണിനെ മറ്റുള്ള മോഡലുകളില്‍ നിന്ന്‍ വ്യത്യസ്തമാക്കിയിരുന്നു. ഏകദേശം 52,000 രൂപയോളമായിരുന്നു ഫോണിന്റെ വില.     
 
എന്നാല്‍ ബാറ്ററി തകരാര്‍ മൂലം തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നത് മൂലം സാംസങ് ഗാലക്സി നോട്ട് 7ന്റെ വില്‍‌പന കമ്പനി അവസാനിപ്പിച്ചു. പൊട്ടിത്തെറിച്ച ഫോണുകള്‍ക്ക് പകരമായി പുതിയ ഫോണുകള്‍ം അല്ലെങ്കില്‍ ഫോണിന്റെ വിലയോ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനി നിര്‍ബന്ധിതരായി. എന്നാല്‍ മാറ്റി നല്‍കിയ ഫോണുകളും പൊട്ടിത്തെറിച്ച സാഹചര്യത്തില്‍ ഫോണിന്റെ ഉല്പാദനം തന്നെ നിര്‍ത്തി വെച്ചു. 
 
നോട്ട് 7 ല്‍ നിന്നുള്ള നഷ്ടം നികത്തുന്നതിനായി ഗാലക്സി സീരീസിലെ പുത്തന്‍ ഫോണുമായി സാംസങ് എത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആകര്‍ഷകമായ ഡിസൈന്‍, മികച്ച ക്യാമറ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായിരിക്കും ഈ ഫോണിലെ പുതിയ ഫീച്ചറെന്നും റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു. 

വെബ്ദുനിയ വായിക്കുക