പെൺകരുത്തിൽ വിരിഞ്ഞ മാറക്കാന, ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ ആകാത്ത ദിനം!

ബുധന്‍, 21 ഡിസം‌ബര്‍ 2016 (16:05 IST)
പെൺകരുത്തിന്റെ അപൂർവ്വഗാഥയായിരുന്നു 2016ൽ മാറക്കാനയിൽ നടന റിയോ ഒളിമ്പിക്സിൽ ഇന്ത്യ കാഴ്ച വെച്ചത്. ആദ്യ വെള്ളി മെഡല്‍ നേടിയ പെണ്‍ക്കുട്ടി എന്ന ഖ്യാതി പി വിസിന്ധു ഇത്തവണ കരസ്ഥമാക്കിയിരിക്കുന്നു. നൂറു സ്വര്‍ണ മെഡലുകളെക്കാള്‍ തിളക്കമുള്ള വിജയം എന്ന് ഇന്ത്യ ഒന്നടങ്കം ഈ വിജയത്തെ ആഘോഷിച്ചിരുന്നു, ഇപ്പോഴും ആഘോഷിക്കുകയാണ്. 
 
റിയോ ഒളിമ്പിക്സിൽ ഇന്ത്യ അറിയപ്പെടുന്നത് പെൺകരുത്തിലൂടെയാണ്. ഇന്ത്യയുടെ മാരത്തണ്‍ ഓട്ടക്കാരി ഒ.പി ജെയ്ഷ ട്രാക്കിൽ തളർന്ന് കിടക്കുന്ന അത്യന്തം ദയനീയമായ കാഴ്ച കണ്ടുകൊണ്ടായിരുന്നു ഒളിമ്പിക്സിന് കൊടിയിറങ്ങിയത്. എല്ലായിടത്തും തള്ളിക്കയറി സെല്ഫി എടുക്കാൻ ശ്രമിച്ച മന്ത്രിയെപ്പറ്റിയും, നർസിംഗ് യാദവിനെ പുറത്താക്കിയതിനെപ്പറ്റിയും റിയോയിൽ നിന്ന് കേട്ടു. 
 
അതിനിടയിൽ വിജയക്കൊടി പാറിച്ച് ദീപ കർമ്മാക്കറും സാക്ഷിയും സിന്ധുവും. അത്‌ലറ്റിക്സിൽ ഏറെ നാളുകൾക്ക് ശേഷം ഫൈനലിലെത്തിയ ലളിതാ ബാബർ. നാലാം സ്ഥാനത്ത് എത്തിയ അഭിനവ് ബിന്ദ്ര. ഇവിടെത്തീരുന്നു ഇന്ത്യയുടെ റിയോ ചരിത്രം. പക്ഷേ അത്ര ചെറുതായിട്ട് അതിനെ കാണാൻ കഴിയില്ല. കായിക രംഗത്ത് ഇന്ത്യക്ക് മുന്നേറാൻ കഴിയാത്തതിന് വ്യക്തവും ശക്തവുമായ ഒരു കാരണം ഉണ്ട്. ബ്രസ്സീലിലെ തെരുവുകളിലാണ് ബ്രസ്സീലിയൻ ഫുട്ബോൾ വളർന്നത്. ഇന്ത്യൻ ഗാലറികളിൽ ക്രിക്കറ്റും. ക്രിക്കറ്റിനെയാണ് ഇന്ത്യ സ്നേഹിച്ചതെന്ന് പറയാം.
 
സർക്കാരിന്റെ സഹായവും പിന്തുണയുമില്ലാതെ പ്രൊഫഷണൽ കായികരംഗത്ത് ഒന്നും ചെയ്യാനാവില്ല. ആകെ അഴിമതിയിൽ മുങ്ങിത്താണിരിക്കുന്ന കായികരംഗത്തെ ശുദ്ധീകരിക്കുന്നതിനും, കായികരംഗം സാമ്പത്തിക ഭദ്രതയുള്ള ഒരു മേഖലയാക്കുന്നതിനുമുള്ള നയസമീപനവും ഇതിൽ പ്രധാനപ്പെട്ടതാണ്. മറ്റൊന്ന് അടിസ്ഥാന സൗകര്യവികസനവും കായികതാരങ്ങളുടെ തൊഴിൽ ഭദ്രതയ്ക്കുള്ള സഹായങ്ങളുമാണ്. അപ്പോൾ പിന്നെ ഇതിനെല്ലാം ഇടയിൽ സ്വന്തം സ്ഥാനം കണ്ടെത്താൻ ഒരു കായിക താരത്തിന് എങ്ങനെ കഴിയും. സമ്മർദ്ദങ്ങൾ ഒട്ടനവധി ഉണ്ടാകുമെന്ന് ചുരുക്കം.

വെബ്ദുനിയ വായിക്കുക