വർധയിൽ വിറച്ച് ചെന്നൈ; ഓർമകളിൽ ഇത് കറുത്ത ഡിസംബർ

വ്യാഴം, 22 ഡിസം‌ബര്‍ 2016 (14:23 IST)
ചെന്നൈ നഗരത്തെ സംബന്ധിച്ച് 2016 ഡിസംബർ കറുത്ത നാളുകൾ ആയിരുന്നു. വർധ ചുഴലിക്കാറ്റിൽ പൊലിഞ്ഞത് 18 പേരുടെ ജീവനായിരുന്നു. പ്രകൃതിയുടെ വികൃതിയെന്നൊക്കെ പുറമേ നിന്ന് നോക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ, അതേ പ്രകൃതി നാശം വിതചൽപ്പോൾ പലർക്കും അസ്തമിച്ചത് സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. ദുരിതബാധിതർക്ക് 10 കിലോ അരിയും അവശ്യസാധനങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.
 
ഡിസംബർ 12 എന്ന ദിവസം തമിഴ്‌മക്കൾ ഒരിക്കലും മറക്കില്ല. അവരുടെ ഓർമകളിൽ ഡിസംബർ എന്ന് പറഞ്ഞാൽ ഇനി ഭയം മാത്രമായിരിക്കും. നഗരം തകര്‍ത്ത് തരിപ്പണമാക്കി, നാശങ്ങൾ വിതച്ച് 'വർധ' അതിന്റെ വഴിക്ക് പോയി. റോഡുകൾ നിറയെ മരങ്ങൾ, മരങ്ങൾക്കിടയിൽ പെട്ടുപോയ വാഹനങ്ങൾ, പൊട്ടിക്കിടക്കുന്ന കേബിളുകൾ, അങ്ങനെ നീളുന്ന നഷ്ടങ്ങളുടെ കണക്ക്. കറന്റില്ല, വെള്ളമില്ല, ലോക്കൽ ട്രെയിനുകളില്ല, പാതി ബസ് സർവീസ് മാത്രം. ഇതിൽ നിന്നും കരകയറാൻ ചെന്നൈ എടുത്തത് 5 ദിവസമാണ്.
 
അതേസമയം, ചെന്നൈ, ആന്ധ്ര തീരങ്ങളില്‍ വര്‍ധ ചുഴലിക്കാറ്റ്  വീശിയടിച്ചത് രൂപംകൊണ്ട് 10 ദിവസത്തിനുശേഷമാണത്രേ. ഈ കൂടിയ കാലദൈര്‍ഘ്യത്തിന് ശേഷം ആഞ്ഞുവീശിയതാണ് കടുത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കിയത്. സാധാരണ അന്തരീക്ഷം ചൂടുപിടിച്ച് സമുദ്രോപരിതലത്തിലാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. ഒരു ചുഴലിക്കാറ്റ് എത്രനേരം സമുദ്രത്തിന് മുകളില്‍ സ്ഥിതിചെയ്യുന്നുവോ അത്രയും അത് സംഹാര രൂപം കൈവരിക്കും. ചെന്നൈയില്‍ ആഞ്ഞടിച്ച വര്‍ധ അന്തമാന്‍ തീരത്ത് രൂപപ്പെട്ട് തമിഴ്നാട് തീരത്തെത്താന്‍ പത്തുദിവസമെടുത്തു.

വെബ്ദുനിയ വായിക്കുക