ജനം ഇടതിനൊപ്പം നിന്നപ്പോള്‍ പൊലിഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ സ്വപ്‌നങ്ങള്‍

വെള്ളി, 16 ഡിസം‌ബര്‍ 2016 (19:35 IST)
ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്ന യുഡിഎഫിനെ തറപറ്റിച്ച് എല്‍ഡിഎഫ് അധികാരത്തിലേറിയതാണ് ഈ വര്‍ഷം കേരള രാഷ്‌ട്രീയം കണ്ട ഏറ്റവും വലിയ സംഭവം. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 47 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ഇടതുപക്ഷ ജനാധ്യപത്യ മുന്നണി 91 സീറ്റുകളില്‍ ജയിച്ച് കേരളത്തെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഭരിക്കാനുള്ള യോഗ്യത സ്വന്തമാക്കി.

നേരിയ ഭൂരിപക്ഷത്തിലെങ്കിലും അധികാരം നില നിര്‍ത്താമെന്ന യുഡിഎഫിന്റെ പ്രതീക്ഷകള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തകരുകയായിരുന്നു. അതേസമയം, ചരിത്രത്തിലാധ്യമായി ബിജെപിക്ക് കേരളത്തില്‍ താമര വിരിയിക്കാന്‍ സാധിച്ചു. നേമത്തു നിന്നു ഒ രാജഗോപാലാണ് ബിജെപിക്കായി ജയം സ്വന്തമാക്കിയത്.

മെയ് മാസം 25ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ മന്ത്രിസഭ അധികാരത്തിലേറി. കേരളത്തിന്റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി. തെരഞ്ഞെടുപ്പിലെ തോല്‍‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി മാറിനിന്നപ്പോള്‍ പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ യുഡിഎഫ് തെരഞ്ഞെടുത്തു.

മികച്ച രീതിയില്‍ തുടങ്ങിയ ഇടത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്   വ്യവസായമന്ത്രി ഇപി ജയരാജനായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തു. ജയരാജനെ പുറത്താക്കിയതിന് പിന്നാലെ നടന്ന ആദ്യ അഴിച്ചുപണിയില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണി വൈദ്യുതിമന്ത്രിയപ്പോള്‍ ജയരാജന്‍ രാജിവച്ച വ്യവസായ വകുപ്പ് നിലവിലെ ടൂറിസം, സഹകരണ മന്ത്രിയായ എസി മൊയ്തീന് നല്‍കി. കൂടാതെ കായിക വകുപ്പും യുവജനക്ഷേമ വകുപ്പും മൊയ്തീന്‍ തന്നെ കൈകാര്യം ചെയ്യും.

പിണറായി വിജയന്‍ – ആഭ്യന്തരം, വിജിലന്‍സ്
ഐടി മാത്യു ടി. തോമസ് – ജലവിഭവം
തോമസ് ഐസക്ക് – ധനകാര്യം
ഇചന്ദ്രശേഖരന്‍ – റവന്യു
എകെ ശശീന്ദ്രന്‍ – ഗതാഗതം
കടന്നപ്പള്ളി രാമചന്ദ്രന്‍ – തുറമുഖം
എകെ ബാലന്‍ – നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം
കെടി ജലീല്‍ – തദ്ദേശഭരണം
കടകംപള്ളി സുരേന്ദ്രന്‍ – ദേവസ്വം
ജെ മേഴ്‌സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗതവ്യവസായം
എസി മൊയ്തീന്‍ – സഹകരണം, ടൂറിസം
കെ രാജു – വനം, പരിസ്ഥിതി
ടിപി രാമകൃഷ്ണന്‍ – എക്‌സൈസ്, തൊഴില്‍
സി രവീന്ദ്രനാഥ് – വിദ്യാഭ്യാസം
കെ കെ ഷൈലജ – ആരോഗ്യം, സാമൂഹികക്ഷേമം
ജി സുധാകരന്‍ – പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
വി എസ് സുനില്‍കുമാര്‍ – കൃഷി
പി തിലോത്തമന്‍ – ഭക്ഷ്യ-സിവില്‍സപ്ലൈസ്

വെബ്ദുനിയ വായിക്കുക