ഓണസദ്യ വിളമ്പുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !

വെള്ളി, 11 ഓഗസ്റ്റ് 2017 (17:02 IST)
ഓണസദ്യ വിളമ്പുന്നതിന് ചില രീതികളുണ്ട്. രീതികള്‍ തെറ്റിക്കാതെ ഐശ്വര്യത്തോടെയാണ് ഓണസദ്യ വിളമ്പേണ്ടത്.
 
കിഴക്കോട്ട് തിരിയിട്ടു കൊളുത്തിയ നിലവിളക്ക് വയ്ക്കുക. ഒരു ചെറിയ നാക്കില, തുമ്പ് പടിഞ്ഞാറായി വച്ച് അതില്‍ ചോറും കറികളും കുറേശ്ശെ വിളമ്പുക. ഇതു ഗണപതിക്കാണെന്നാണ് സങ്കല്‍‌പ്പം.
 
കിണ്ടിയില്‍ വെള്ളം അടുത്തുതന്നെ വയ്ക്കുക. അതിനു ശേഷം സദ്യ തുടങ്ങാം. ഗണപതിക്കുവച്ച ചോറ് പിന്നീട് ആര്‍ക്കെങ്കിലും കൊടുക്കാം. ചില സ്ഥലങ്ങളില്‍ ഇതേ പോലെ ഒരു അടച്ച മുറിയില്‍ പിതൃക്കളെ സങ്കല്‍പ്പിച്ച് ചോറു വയ്ക്കാറുണ്ട്.
 
ഓരോ സ്ഥലങ്ങളിലും സദ്യ വിളമ്പുന്നതിന് ഓരോ ക്രമങ്ങളാണ് ഉള്ളത്. ഈശ്വര സ്മരണയ്ക്കു ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് അറിവുളളവര്‍ പറയുന്നത്. ഒരു അനുഷ്ഠാനമെന്ന രീതിയിലെങ്കിലും ഈശ്വരസ്മരണ അത്യാവശ്യമാണ്.
 
ഓലയാലുണ്ടാക്കിയ പൂക്കുടയുമായി “പൂവേ പൊലി പൂവേ..” പാട്ടുമായി ഓണപ്പൂക്കള്‍ തേടിയുള്ള യാത്ര പണ്ടത്തെ കുട്ടികള്‍ക്ക്‌ ആവേശമായിരുന്നു. ഇന്ന് പൂവിളി ഇല്ല, പൂക്കളങ്ങള്‍ ഉപ്പളങ്ങളായി മാറുന്നു, നഗരങ്ങളില്‍ പൂക്കളം ചെലവേറിയ ഏര്‍പ്പാടാകുന്നു.
 
തിരുവോണത്തിന്‌ അടയുണ്ടാക്കി നിവേദിക്കുന്ന ഒരു ചടങ്ങുണ്ട്‌. കുട്ടികള്‍ അടയില്‍ അമ്പെയ്ത്‌ കൊള്ളിക്കും. അമ്പ്‌ കൊള്ളുന്ന അട അവരവര്‍ക്ക്‌ എടുക്കാം. 
 
ഉത്രാടനാള്‍ വെളുപ്പിന്‌ കത്തിതുടങ്ങുന്ന അടുപ്പ്‌ തിരുവോണം കഴിഞ്ഞിട്ടേ അണയ്ക്കാറുള്ളു. ഈ ചടങ്ങും ഇപ്പോള്‍ എങ്ങും കാണാനില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍