നടന്‍ വിശാല്‍ അറസ്റ്റില്‍. ആര്‍ കെ നഗറില്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് തണ്ടയാര്‍പേട്ടൈ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ആര്‍ കെ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ജയലളിതയുടെ ബന്ധുവായ ദീപ ജയകുമാറിന്‍റെ പത്രികയും തള്ളിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള യഥാര്‍ത്ഥ കാരണത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്.
വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.