യുപി എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന വര്‍ഗ്ഗിയ ബോംബ്
വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (13:09 IST)
കേന്ദ്രാധികാര പ്രാപ്തിക്കായി യുപിയെ വര്‍ഗ്ഗിയമായി ധ്രുവീകരിച്ച ബിജെപി നേതൃത്വത്തേ തന്നെ ഭയപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന തരത്തിലുള്ള വര്‍ഗ്ഗിയ ബോംബുകള്‍ രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കാവി രാഷ്ട്ര്രീയം ഹിന്ദു വര്‍ഗ്ഗിയതയിലേക്ക് വഴുതിവീണേക്കാവുന്ന ഗുരുതരമായ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ നില്‍ക്കുന്നത്.
സംഘപരിവാര്‍ പോഷക സംഘടനകള്‍ മാത്രമല്ല സ്വയം പ്രഖ്യാപിത തീവ്ര ഹിന്ദുത്വ സംഘടനകളുമിക്കാര്യത്തില്‍ മത്സരിച്ച് മുന്നേറുന്നതായാണ് വിവരം. മറ്റുമതസ്ഥരേ വ്യാപകമായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ധര്‍മ്മ ജാഗരണ്‍ എന്ന സംഘടന തയ്യാറെടുക്കുന്നുണ്ട്. നേരത്തേ അലീഗഢില്‍ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്കു പോയ 72 വാല്‍മീകി വിഭാഗക്കാരെ തിരിച്ചു മതപരിവര്‍ത്തനം നടത്തുകയും ഇവരുടെ ചര്‍ച്ച് ക്ഷേത്രമാക്കി മാറ്റുകയും ചെയ്ത സംഘടനയാണിത്.
സ്വാമി ശ്രദ്ധാനന്ദ് ബലിദാന്‍ ദിവസമായ ഡിസംബര്‍ 23-ന് ഇസ്ലാം മതം സ്വീകരിച്ച 5000 പേരെ ഹിന്ദു വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരാനാണ് സംഘടന കോപ്പുകൂട്ടുന്നത്. ഇത് വര്‍ഗ്ഗിയ സ്മ്ഘര്‍ഷത്തിലേക്ക് നയിക്കുമോ എന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ഭയപ്പെടുന്നത്.
ഇതിനിടെ ഗോവധ നിരോധനം എന്ന പഴയ മുദ്രാവാക്യങ്ങളും അവിടവിടെയായി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. അതിനും പുറമേ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പയറ്റി പരാജയപ്പെട്ട ലൌ ജിഹാദ് വീണ്ടും വാര്‍ത്തയാക്കാനം ശ്രമം നടക്കുന്നുണ്ട്. വിഎച്പിയുടെ വനിത സംഘടനയായ ദുര്‍ഗ്ഗാ വാഹിനി ഇത്തരക്കാരേ എങ്ങനെ തിരിച്ചറിയാമെന്നും എങ്ങനെ നേരിടണമെന്നുമുള്ള പരിശീലനം നല്‍കുന്ന തിരക്കിലാണിപ്പോള്‍.
രാമക്ഷേത്ര വിഷയം വീണ്ടും ബജ്‌റംഗ് ദള്‍ ഉയര്‍ത്താനും ശ്രമിക്കുന്നുണ്ട്. ഇത്തവണ അയോധ്യയിലേ കര്‍സ്സേവക്കിടെ വെടിയേറ്റു പ്രവര്‍ത്തകര്‍ മരിച്ച ദിനത്തിന്റെ വാര്‍ഷികത്തില്‍ ലക്ഷക്കണക്കിനാളുകളെ പങ്കെടുപ്പിക്കാനാണ് ദള്‍ ശ്രമിക്കുന്നത്. വ്യാപകമായ ബോധവല്‍ക്കരണമാണ് ഇവര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.