പ്രണയാഭ്യർഥന നിരസിച്ച അധ്യാപികയെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (14:44 IST)
പ്രണയാഭ്യർഥന നിരസിച്ച അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി ഇന്ദിരാനഗറിലാണ് സംഭവം നടന്നത്. ഇന്ദിരാനഗര്‍ ന്യൂമാന്റെ മകൾ എൻ ഫ്രാൻസിനയ്ക്കാണ് ദാരുണമായ ഈ അന്ത്യം സംഭവിച്ചത്. തുടര്‍ന്ന് കൊലപാതകിയായ കീഗൻ ജോസ് ഗോമസ് എന്ന യുവാവ് തൂങ്ങിമരിക്കുകയും ചെയ്തു.
 
ബുധനാഴ്ച രാവിലെ ഷൺമുഖപുരത്തെ സ്കൂൾ വളപ്പിൽ തന്നെയുള്ള പള്ളിയിലേക്കു പോയതായിരുന്നു ഫ്രാൻസിന. അവരെ പിന്തുടർന്നെത്തിയ കീഗൻ പള്ളിക്കുള്ളിൽ കയറുകയും ഫ്രാൻസിനയെ കൊടുവാൾ കൊണ്ട് ആക്രമിക്കുകയും ചെയ്തു. ചുമലലിലും തലയ്ക്കും ആഴത്തിൽ വെട്ടേറ്റ ഫ്രാൻസിന വീണുവെന്ന് ഉറപ്പാക്കിയ ശേഷമാണ് കീഗൻ പള്ളിയില്‍ നിന്നും പോയത്.
 
ഫ്രാൻസിനയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹഅധ്യാപകർ ഉടന്‍ തന്നെ തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഫ്രാൻസിനയോട് ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. അതു നിരസിച്ചതും മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക