ട്രോളിംഗ് നിരോധനം; പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി
ബുധന്‍, 3 ജൂണ്‍ 2015 (15:09 IST)
കേന്ദ്രസര്‍ക്കാരിന്റ്റ്റെ പുതിയ ട്രോളിംഗ് നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിംഗ് നിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ യന്ത്രവത്കൃത വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നിരോധനം ബാധകമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി 12 നോട്ടിക്കൽ മൈലിന് പുറത്ത് പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് മീൻപിടിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം കേരളത്തില്‍ വലിയ പ്രതിഷേധത്തിനാണ് തിരിതെളിച്ചിരിക്കുന്നത്. കേരളത്തിൽ വർഷങ്ങളായി 47 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തുന്നതെന്നും ഈ വർഷവും ജൂൺ 15 മുതൽ ജൂലൈ 31 വരെയായിരിക്കും ട്രോളിങ് നിരോധനമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിക്ക് അപ്പുറത്തുള്ള കടല്‍ മേഖലയില്‍ ട്രോളിംഗ് നിരോധനം 60 ദിവസം തന്നെയാണ്.
ഇവിടേക്ക് മത്സ്യബന്ധനത്തിനു വരുന്ന ബോട്ടുകളെ നേവിയും കോസ്റ്റുഗാര്‍ഡും തിരിച്ചയയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അതേസമയം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തീരസംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്നു കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് വ്യക്തമാക്കിയിരുന്നു. ട്രോളിങ് നിരോധനത്തിലെ സമയപരിധിയില്‍ മാറ്റം വേണോയെന്നും മറ്റുസംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം മല്‍സ്യത്തൊഴിലാളികള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്നും രാധാമോഹന്‍ സിങ് പറഞ്ഞിരുന്നു.
ട്രോളിങ് നിരോധനത്തിന്‍റെ സമയപരിധി കൂട്ടുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കൊണ്ടുവന്നത് യുപിഎ സര്‍ക്കാരാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും കേന്ദ്ര കൃഷിമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.