വഴിയരുകിൽ മരം നടാം, ഒരു മരത്തിന് 15 രൂപ ശമ്പളം; പദ്ധതി ഒരുക്കി കേന്ദ്ര സർക്കാർ
ബുധന്‍, 13 ജൂലൈ 2016 (13:12 IST)
വഴിയരുകിൽ മരം നട്ടുപരിപാലിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാസശമ്പളവുമായി കേന്ദ്രസർക്കാർ. ഒരു മരത്തിന് 15 രൂപ എന്ന നിരക്കിലാണ് തൊഴിലാളികൾക്ക് ശമ്പളം നൽകുക. ഒരാൾക്ക് നടാൻ കഴിയുന്ന മരങ്ങൾ ഇത്ര എന്ന കാര്യത്തിൽ കണക്കില്ല. എത്ര മരം വേണമെങ്കിലും ഒരാൾക്ക് നടാൻ കഴിയും.
പരിസ്ഥിതി ദിനത്തിൽ വഴിയരുകിൽ നടുന്ന മരങ്ങൾ ഉണങ്ങിപോകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. മരങ്ങൾ നട്ടുപിടിപ്പിച്ചാൽ മാത്രം പോര അഞ്ചു വർഷത്തേക്ക് അതിന്റെ മുഴുവൻ ഉത്തരവാദിത്വവും നടുന്നവർ നോക്കേണ്ടതാണ്. ഇല്ലാത്തപക്ഷം നൽകിയ മാസശമ്പളം തിരികെ വാങ്ങുന്നതാണ്.
മാവ്, പ്ലാവ്, നെല്ലി, സീതപ്പഴം, പേര, മാതളം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് ഇത്തരത്തിൽ നട്ടുപിടിപ്പിക്കേണ്ടത്. ഈ മരങ്ങളിൽ നിന്നുണ്ടാകുന്ന ഫലങ്ങൾ തൊഴിലാളികൾക്ക് എടുക്കാവുന്നതാണ്.