കൂട്ടവന്ധ്യംകരണം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

വ്യാഴം, 13 നവം‌ബര്‍ 2014 (09:58 IST)
ഛത്തീസ്ഗഡിലെ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ആര്‍കെ ഗുപ്ത അറസ്റ്റില്‍. ഇന്നലെ രാത്രിയിലാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്. വന്ധ്യംകരണ ശസ്ത്രക്രിയയിലെ പിഴവുമൂലം ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ 14 യുവതികളാണ് മരിച്ചത്. 50 തിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

അഞ്ചുമണിക്കൂറിനുള്ളില്‍ 83 ശസ്ത്രക്രിയകളാണ് ഡോ ആര്‍ കെ ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരാണ് ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചത്. മരിച്ചവരെല്ലാം 23നും 32നും ഇടയ്ക്കു പ്രായമുള്ളവരാണ്. ബിലാസ്പൂര്‍ നഗരപ്രാന്തത്തിലുള്ള പെണ്ടാരി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയാണു സര്‍ക്കാര്‍ വന്ധ്യംകരണക്യാംപ് നടത്തിയത്.

തുരുമ്പെടുത്ത ഉപകരണങ്ങളാണു സര്‍ക്കാര്‍ നടത്തിയ കുടുംബാസൂത്രണ ക്യാംപില്‍ ശസ്ത്രക്രിയ നടത്താന്‍ ഉപയോഗിച്ചത്. ഇതില്‍ നിന്നുണ്ടായ അണുബാധയാകാം മരണകാരണമെന്നു ബിലാസ്പൂര്‍ ജില്ലാ ആരോഗ്യവിഭാഗം ജോയിന്റ് ഡയറക്ടര്‍ അമര്‍ സിങ് ഠാക്കൂര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്കു ശേഷം യുവതികള്‍ക്കു നല്‍കിയ മരുന്നുകള്‍ വ്യാജമായിരുന്നതായും സംശയമുണ്ട്.

ആകെ 83 സ്ത്രീകള്‍ക്കാണു ക്യാംപില്‍ ശസ്ത്രക്രിയ നടത്തിയത്. ഇവരെ ശനിയാഴ്ച തന്നെ വീടുകളിലേക്കു വിട്ടയച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഛര്‍ദിയും വയറുവേദനയുമായി 60 പേരെ ആശുപത്രിയിലെത്തിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക