പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വീണ്ടും മല്‍സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി കൂടിക്കാഴ്ച നടത്തിയപ്പോളാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ ഈ ഓഫര്‍ മുന്നോട്ട് വെച്ചത്. യെച്ചൂരിയ്ക്ക് പകരം മറ്റാരെയെങ്കിലുമാണ് സിപിഐഎം രാജ്യസഭയിലേക്ക് അയക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും പറയുന്നു.
ബംഗാളിൽനിന്നുള്ള എംപിയായ യച്ചൂരിയുടെ കാലാവധി വരുന്ന ഓഗസ്റ്റിലാണ് അവസാനിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിന് ബംഗാളിൽ കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയൊ തൃണമൂൽ കോൺഗ്രസിന്റെയോ പിന്തുണയില്ലാതെ യച്ചൂരിക്കു രാജ്യസഭയിലെത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പിന്തുണ തേടാൻ യച്ചൂരി തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ സി പി എമ്മില്‍ നിന്നും പ്രതിഷേധമുയരാണ് സാധ്യത.
സിപിഎം – കോൺഗ്രസ് സഖ്യത്തിലായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ മൽസരിച്ചത്. ഇതിനെതിരെ സിപിഎമ്മിനകത്ത് തന്നെ വലിയ വിമർശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നിരുന്നാലും കോണ്‍ഗ്രസിന്റെ ഓഫര്‍ നിരസിച്ചാല്‍ മേല്‍സഭയില്‍ സിപിഎമ്മിന്റെ പ്രാതിനിധ്യം നഷ്ടമാകുകയും ചെയ്യും. 294 അംഗങ്ങളുള്ള പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്നതാണ് വാസ്തവം.