മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന ഇന്ന് ഇന്ത്യയിലെത്തും. ലങ്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം സിരിസേന നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. സുപ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയാകും.
അതേസമയം ഇന്ത്യയിലുള്ള ലങ്കന്‍ അഭയാര്‍ഥികളെ കൈമാറുന്ന കാര്യത്തില്‍ ഈ കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ലങ്കയുമായി നയതന്ത്ര തലത്തില്‍ കൂടുതല്‍ ബന്ധം വളര്‍ത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതായി ജനുവരി 9ന് നടന്ന തെരഞ്ഞെടുപ്പിനു ശേഷം സിരിസേന പറഞ്ഞതിനെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്, പ്രത്യേകിച്ച് ചൈന ലങ്കയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍.
ഇന്ന് ഇന്ത്യയിലെത്തുന്ന സിരിസേന പ്രധാനമന്ത്രിക്ക് പുറമെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന് രാഷ്‌ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. 16ന് സിരിസേന ബോദ്‌ഗയ സന്ദര്‍ശിക്കും. തുടര്‍ന്ന് 17ന് തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്ന സിരിസേന 18ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.