വെടിനിറുത്തൽ കരാർ പാകിസ്ഥാന്‍ പാലിക്കണം: അരുൺ ജെയ്‌റ്റ്‌ലി
ഞായര്‍, 15 ജൂണ്‍ 2014 (15:31 IST)
നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ പാലിക്കുകയാണെങ്കിൽ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയായി അത് മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി. വെടിനിറുത്തൽ കരാർ ലംഘിക്കുന്ന പാകിസ്ഥാന്റെ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സംഘർഷവും ചർച്ചയും ഒരിക്കലും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയില്ല. അതിനാൽ തന്നെ പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടണമെങ്കിൽ വെടിനിറുത്തൽ കരാർ മാനിച്ചേ മതിയാവൂ - ജെയ്‌റ്റ്‌ലി ചൂണ്ടിക്കാട്ടി.
ജമ്മുകാശ്‌മീരിലെ വിഘടനവാദികളുമായി ചർച്ചയ്ക്ക് തയ്യാറാണോയെന്ന ചോദ്യത്തിന് ഭരണഘടനയേയും ഇന്ത്യയുടെ പരമാധികാരത്തേയും അംഗീകരിക്കുന്ന ആരുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം മറുപടി നൽകി. കാശ്‌മീരിലെ സ്ഥിതി സംബന്ധിച്ച് തനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ടെന്നും ജെയ്‌റ്റ്‌ലി കൂട്ടിച്ചേർത്തു.
അൽക്വഇദയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.